ഫിഫക്കുനേരെ സൈബർ ആക്രമണം; നിരവധി രഹസ്യരേഖകൾ ചോർത്തി

സൂറിച്ച്: ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ വൻ സൈബർ ആക്രമണത്തിന് ഇരയായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹാക്കർമാർ സംഘടനയുടെ സിസ്റ്റത്തിലേക്ക് അനധികൃതമായി കടന്നുകയറുകയും പരിമിതമായ തോതിലുള്ള വ്യക്തിഗത, ബിസിനസ് വിവരങ്ങൾ ചോർത്തുകയും ചെയ്തതായി ഫിഫ വ്യക്തമാക്കി.
സാങ്കേതിക സംവിധാനങ്ങളിലെ പിഴവ് വഴിയല്ല, മറിച്ച് ഫിഫ ജീവനക്കാരായി ആൾമാറാട്ടം നടത്തി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഹാക്കർമാർ വിവരങ്ങൾ കൈക്കലാക്കിയത്. ഹാൻഡ്സം ബോയ് ഹാക്കിങ് ക്ലബ് എന്ന ഹാക്കിങ് ഗ്രൂപ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
ഫിഫയുടെ മൈക്രോസോഫ്റ്റ് സംവിധാനങ്ങളിൽനിന്ന് 12 ജി.ബിയിലധികം രഹസ്യരേഖകൾ തങ്ങൾ ചോർത്തിയതായി ഹാക്കർമാർ അവകാശപ്പെടുന്നു. ഇതിൽ തിരിച്ചറിയൽ രേഖകൾ, എമിഗ്രേഷൻ വിവരങ്ങൾ, സാമ്പത്തിക-നിയമ രേഖകൾ, ഭരണസമിതിയുടെ ആഭ്യന്തര ഫയലുകൾ എന്നിവ ഉൾപ്പെടുന്നതായാണ് ഹാക്കർമാരുടെ വാദം. ഇവയുടെ സ്ക്രീൻഷോട്ടുകൾ ഇവർ എക്സിലൂടെ പുറത്തുവിടുകയും ഡാർക്ക് വെബ് ഫോറങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ചോർത്തപ്പെട്ട വിവരങ്ങൾ ഫിഫയുടെ ആകെ ഡേറ്റയുടെ 0.1 ശതമാനത്തിൽ താഴെ മാത്രമാണെന്ന് സംഘടനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാൻ ലക്ഷ്യമിട്ടിരുന്നതും പിന്നീട് ഉപേക്ഷിച്ചതുമായ വിവാദ ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളൊന്നും ചോർന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്പാനിഷ് ലാ ലിഗയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽനിന്ന് ആരാധകരുടെ വിവരങ്ങൾ ചോർന്ന സംഭവം റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കകമാണ് ഫിഫക്കെതിരെയും സമാനമായ ആക്രമണമുണ്ടായിരിക്കുന്നത്.
