പൂമുഖവും നടുമുറ്റവും ട്രെൻഡാകുന്നു; വാസ്തുവിദ്യയുടെ കാലാതീത സൗന്ദര്യം

കാലത്തിനനുസരിച്ച് വീടുകളുടെ രൂപകൽപനയിലും നിർമാണരീതിയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആധുനിക സൗകര്യങ്ങളും ആകർഷകമായ ഇന്റീരിയറുമുള്ള വീടുകൾക്ക് വലിയ പ്രചാരമാണുള്ളത്. എന്നാൽ, കേരളത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന വീടുകളോടുള്ള താൽപര്യം വീണ്ടും വർധിക്കുന്നതായാണ് കാണുന്നത്. ചരിഞ്ഞതും ഓടുമേഞ്ഞതുമായ മേൽക്കൂര, വിശാലമായ പൂമുഖം, മരത്തിലെ കൊത്തുപണികൾ, നടുമുറ്റം, തുറന്ന വരാന്തകൾ തുടങ്ങിയ സവിശേഷതകൾ പുതിയ വീടുകളുടെ രൂപകൽപനയിൽ ഇടംപിടിക്കുന്നുണ്ട്. പഴമയുടെ സൗന്ദര്യവും ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങളും ഒന്നിപ്പിക്കുന്ന രീതിയിലാണ് പുതിയകാലത്തെ നിർമാണം.

പൂമുഖവും നടുമുറ്റവും

കേരളീയ വീടുകളുടെ ആകർഷണങ്ങളിലൊന്നാണ് പൂമുഖം. കുടുംബാംഗങ്ങൾക്ക് ഒരുമിച്ചിരിക്കാനും അതിഥികളെ സ്വീകരിക്കാനും വിശ്രമിക്കാനുമുള്ള ഇടമായിരുന്നു ഇത്. പഴയ വീടുകളിൽ കാണുന്ന തടിത്തൂണുകളും ചാരുപടിയും കൊത്തുപണികളുമുള്ള പൂമുഖങ്ങൾ പുതിയ വീടുകളിലും പുനരാവിഷ്കരിക്കുന്നുണ്ട്. നടുമുറ്റത്തിനും പുതിയ വീടുകളിൽ ആവശ്യക്കാരേറെയാണ്. വീടിന്റെ മധ്യഭാഗത്ത് തുറന്ന സ്ഥലം ഒരുക്കുന്നത് പ്രകൃതിദത്തമായ വെളിച്ചവും വായുസഞ്ചാരവും ലഭിക്കാൻ സഹായിക്കുന്നു. നടുമുറ്റത്ത് ചെറിയ ചെടികളും അലങ്കാരങ്ങളും ഒരുക്കുന്നതിലൂടെ വീടിന് കൂടുതൽ ഭംഗിയും ലഭിക്കും.

ചരിഞ്ഞ മേൽക്കൂരയുടെ സൗന്ദര്യം

കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ നിർമാണരീതിയാണ് ചരിഞ്ഞ മേൽക്കൂര. മഴവെള്ളം ഒഴുകിപ്പോകാൻ സഹായിക്കുന്നതിനൊപ്പം വീടിന് പരമ്പരാഗത ഭംഗി നൽകുന്നു. ഓടുമേഞ്ഞ മേൽക്കൂരകൾക്ക് പുറമെ തടിയുടെ രൂപഭംഗി നൽകുന്ന ആധുനിക നിർമാണസാമഗ്രികളും ഇന്ന് ഉപയോഗിക്കുന്നുണ്ട്.

വാതിലുകൾ, ജനലുകൾ, തൂണുകൾ, സീലിങ് എന്നിവയിൽ മരത്തിന്റെ സാന്നിധ്യം വീടിന്റെ അന്തരീക്ഷത്തിന് വ്യത്യസ്തമായ ഭംഗി നൽകുന്നു. പഴയ വീടുകളിൽ ഉപയോഗിച്ചിരുന്ന കൊത്തുപണികളുടെ മാതൃകകൾ പുതിയ വീടുകളിലും പരീക്ഷിക്കുന്നുണ്ട്. തടി ഉപയോഗിക്കുമ്പോൾ ഈർപ്പം, ചിതൽ, പരിപാലനച്ചെലവ് എന്നിവയും കണക്കിലെടുക്കണം.

പഴമയും ആധുനിക സൗകര്യങ്ങളും

പരമ്പരാഗത ശൈലിയിൽ വീട് നിർമിക്കുമ്പോൾ പഴയ എല്ലാ നിർമാണരീതികളും പിന്തുടരേണ്ടതില്ല. ആധുനിക അടുക്കള, അറ്റാച്ച്ഡ് ബാത്ത്റൂം, സൗകര്യപ്രദമായ കിടപ്പുമുറികൾ, മികച്ച വൈദ്യുതീകരണം, സ്മാർട്ട് ഹോം സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുത്താം. പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന ജനലുകളും വാതിലുകളും ക്രമീകരിക്കുന്നതും പ്രധാനമാണ്. വീടുകളുടെ സൗന്ദര്യം നിലനിർത്തുന്നതിനൊപ്പം ഊർജ ഉപഭോഗം കുറക്കുന്ന നിർമാണരീതികളും പരിഗണിക്കാം. പ്രാദേശികമായി ലഭിക്കുന്ന നിർമാണസാമഗ്രികൾ ഉപയോഗിക്കുന്നതും മഴവെള്ള സംഭരണ സംവിധാനം ഒരുക്കുന്നതും വീടിനെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കും.

തനിമ നഷ്ടപ്പെടാതെ…

പഴയ വീടുകളുടെ ഭംഗി തിരിച്ചുകൊണ്ടുവരാൻ വലിയ തുക ചെലവഴിക്കണമെന്നില്ല. വീടിന്റെ മുൻവശത്ത് ചെറിയ പൂമുഖം, മരത്തൂണുകൾ, ചരിഞ്ഞ മേൽക്കൂരയുടെ രൂപകൽപന, ചെറിയ നടുമുറ്റം എന്നിവ ഉൾപ്പെടുത്തിയാൽ പരമ്പരാഗത ശൈലിയുടെ ഭംഗി സ്വന്തമാക്കാം. സ്ഥലലഭ്യതയും ബജറ്റും അനുസരിച്ച് ഡിസൈനിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യാം.

വീട് എന്നത് ആധുനിക സൗകര്യങ്ങളുടെ ഇടമല്ല, കുടുംബത്തിന്റെ ഓർമകളും സംസ്കാരവും ജീവിതരീതിയും ചേർന്ന ഇടം കൂടിയാണ്. അതുകൊണ്ടുതന്നെ കേരളീയ വാസ്തുവിദ്യയുടെ തനിമ പുതിയ തലമുറയുടെ വീടുകളിലും വീണ്ടും ഇടംപിടിക്കുകയാണ്. പഴമയുടെ ഭംഗിയും പുതുമയുടെ സൗകര്യങ്ങളും ഒത്തുചേരുമ്പോൾ വീടുകൾക്ക് ലഭിക്കുന്നത് കാലാതീതമായ സൗന്ദര്യമാണ്.