യുവാക്കളുടെ ഡ്രൈവിങ് പരിധിവിടുന്നു; വാഹനാപകടങ്ങൾ കൂടുതൽ, പരിശീലനം നൽകാൻ മോട്ടോർ വാഹനവകുപ്പ്
കോഴിക്കോട്; കോഴിക്കോട് ജില്ലയില്‍ വാഹനാപകടങ്ങളുണ്ടാക്കുന്നതില്‍ കൂടുതലും യുവ ഡ്രൈവര്‍മാര്‍. ആര്.ടി.ഒ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അപകടം കുറയ്ക്കാൻ ഡ്രൈവര്‍മാർക്ക് പരിശീലനം നൽകാനുള്ള നീക്കത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്.
കോഴിക്കോട് വേങ്ങേരിയില്‍ രണ്ട് പേരുടെ ജീവന് നഷ്ടമായ ബസ്സപകടത്തിൽ വാഹനമോടിച്ചിരുന്നത് 23കാരനായിരുന്നു. അപകടത്തെ തുടര്‍ന്ന് മോട്ടോര്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം ജില്ലയിലെ ബസുകളില്‍ നടത്തിയ പരിശോധനയിലാണ് ബസ് ഓടിക്കുന്നവരില്‍ ഭൂരിഭാഗവും 23 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത്.
യുവാക്കൾ ഓടിക്കുന്ന ബസുകളില്‍ അപകടം കൂടുന്നതായാണ് കണ്ടെത്തല്‍. യാതൊരു ഉത്തരവാദിത്തവുമില്ലാതെ നിരത്തുകളില്‍ ചീറിപ്പായുന്ന യുവ ബസ് ഡ്രൈവര്‍മാരില്‍ സാമൂഹ്യപ്രതിബദ്ധതയുണ്ടാക്കാന് നിര്‍ബന്ധിത പരിശീലനം നൽകാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം.