കുവൈത്തില്‍ എട്ടു മാസത്തിനിടെ 12 സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി
കുവൈത്തില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ അടച്ചുപൂട്ടിയത് 12 സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകള്‍. ജനുവരി മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധനയില്‍ 549 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി അറിയിച്ചു .
പാര്‍ലിമെന്റ് അംഗം ഹമദ് അൽ-ഉബൈദിന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ആരോഗ്യ മന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രാജ്യത്ത് സ്വകാര്യ മെഡിക്കൽ മേഖലയിൽ 3,680 ഡോക്ടർമാരും 1,592 ദന്തഡോക്ടർമാരും 13,524 പാര മെഡിക്കല്‍ പ്രൊഫഷണലുകളുമാണ് ജോലി ചെയ്യുന്നത്.
രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.