15 മാസമായിട്ടും പ്രസവിക്കാത്ത ഗര്‍ഭിണികള്‍; മാന്ത്രിക ഗര്‍ഭധാരണത്തിന്‍റെ നടുക്കുന്ന കഥ
15 മാസം നീളുന്ന ഗർഭകാലം, കുട്ടിയുടെ ലിംഗം നിർണയിക്കാൻ മാതാപിതാക്കൾക്ക് ഓപ്ഷൻ… നൈജീരിയയിൽ കുട്ടികളുണ്ടാകാത്തവരെ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പിലെ ഞെട്ടിക്കുന്ന ചില വിവരങ്ങളാണിത്. ‘ബിബിസി ആഫ്രിക്ക ഐ’ നടത്തിയ അന്വേഷണത്തിൽ, നിഗൂഢ ഗർഭം എന്ന് പേരിട്ടിരിക്കുന്ന ഈ തട്ടിപ്പിന് പിന്നിൽ വലിയ റാക്കറ്റ് തന്നെ ഉണ്ടെന്നാണ് കണ്ടെത്തൽ. നൈജീരിയയിലെ അനംബ്ര സംസ്ഥാനത്താണ് റാക്കറ്റ് പ്രവർത്തിക്കുന്നത്.
നൂതനരീതിയിൽ ഗർഭധാരണം സാധ്യമാക്കുന്നു എന്ന പരസ്യത്തോടെയുള്ള ഫെർട്ടിലിറ്റി ക്ലിനിക്കുകളാണ് ഈ തട്ടിപ്പുസംഘത്തിന്റെ പ്രധാന ആയുധം. ഡോക്ടർമാരെന്ന് സ്വയം പരിചയപ്പെടുത്തുന്നവർ ‘അത്ഭുത ചികിത്സ’ നൽകാമെന്ന് സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിക്കും. എങ്ങനെയും സ്വന്തം കുഞ്ഞിന് ജന്മം നൽകണം എന്ന തീരുമാനത്തിൽ വരുന്നത് കൊണ്ടു തന്നെ ഈ ‘അത്ഭുത ചികിത്സാ’ വാഗ്ദാനത്തിൽ സ്ത്രീകൾ മയങ്ങും.
ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഒരു ഇൻജക്ഷനും കുടിക്കാനുള്ള ഒരു മരുന്നും യോനിയിലേക്ക് കടത്തി വയ്ക്കുന്ന ഒരു പദാർഥവുമാണുണ്ടാവുക. ഇതെന്താണെന്ന് സ്ത്രീകളോട് തട്ടിപ്പുസംഘം വെളിപ്പെടുത്തില്ല. എന്നാൽ ഈ മരുന്നുകൾ എടുത്തതിന് പിന്നാലെ തങ്ങളുടെ വയർ പ്രസവത്തിലെന്ന പോലെ വീർത്തതായി ചില സ്ത്രീകൾ പറയുന്നുണ്ട്. ഇതാണ് ചികിത്സയിൽ ഇവരുടെ വിശ്വാസം ഉറപ്പിക്കുന്നത്. ഈ മരുന്ന് തന്നെയാണ് കുട്ടിയുടെ ലിംഗം നിർണയിക്കും എന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നതും.
ക്ലിനിക്കിലെത്തുന്ന സ്ത്രീകൾ മറ്റ് ഡോക്ടർമാരെ കാണുന്നത് അത്ഭുത ഡോക്ടർമാർ വിലക്കിയിരുന്നു. സ്‌കാനിംഗിലൂടെ ഒന്നും കുട്ടിയുടെ ചലനങ്ങളോ മറ്റോ അറിയാനാവില്ലെന്നായിരുന്നു ഇവരുടെ വാദം. കുട്ടി വളരുന്നത് ഗർഭപാത്രത്തിന് പുറത്താണെന്ന് ഇവർ സ്ത്രീകളെ പറഞ്ഞ് ധരിപ്പിക്കും. ആദ്യ ഘട്ടം കഴിഞ്ഞാൽ പിന്നെ പ്രസവത്തിനുള്ള ഘട്ടമാണ്. ഇതിന് മറ്റൊരു മരുന്നാണ് നൽകുക. ഇതിനും ലക്ഷങ്ങൾ വിലയുണ്ട്. ഈ മരുന്ന് എടുത്തില്ലെങ്കിൽ 9 മാസത്തിനും മുകളിൽ പ്രസവകാലം നീളാം എന്നാണ് സംഘത്തിന്റെ വാദം.
ഈ മരുന്ന് കഴിച്ചാൽ സ്വബോധം നഷ്ടപ്പെടുമെന്നാണ് സ്ത്രീകൾ പറയുന്നത്. പിന്നീട് ബോധം വന്നാൽ പ്രസവശേഷം ശരീരത്തിൽ ഉണ്ടാകുന്നത് പോലെയുള്ള ലക്ഷണങ്ങളുണ്ടാകും. ചിലരുടെ ശരീരത്തിൽ സിസേറിയൻ കഴിഞ്ഞതിന് ശേഷമുള്ള പാട് പോലെ ചില മാർക്കുകളുണ്ടായിരുന്നു. ചിലർക്ക് മരുന്ന് കഴിച്ചതിന് പിന്നാലെ ഒരുതരം മാനസിക വിഭ്രാന്തി അനുഭവപ്പെട്ടു. തങ്ങൾ കുഞ്ഞിന് ജന്മം നൽകുകയാണെന്ന് അബോധാവസ്ഥയിൽ തോന്നിയിരുന്നു എന്നാണിക്കൂട്ടർ പറയുന്നത്. എന്ത് തന്നെയായാലും ക്ലിനിക്കിലെത്തുന്നവർക്ക് രണ്ടാമത്തെ ഘട്ടത്തിന് ശേഷം കുട്ടിയുറപ്പാണ്.
യുവതികളുടെ വെളിപ്പെടുത്തലുകളും ക്ലിനിക്കിലെ ജീവനക്കാരുടെ ചരിത്രവുമൊക്കെ പരിശോധിച്ച ബിബിസിക്ക്, മനുഷ്യക്കടത്തിലേക്ക് വഴിവയ്ക്കുന്ന നിർണായക വിവരങ്ങളാണ് ലഭിച്ചത്. ചെറിയ പ്രായത്തിൽ തന്നെ പ്രസവിക്കുന്ന യുവതികളെ തട്ടിപ്പുസംഘം ആദ്യമേ നോട്ടമിടും. അബോർഷൻ ആഫ്രിക്കയിൽ നിയമവിരുദ്ധമായത് കൊണ്ടു തന്നെ, കുട്ടികളെ തങ്ങൾക്ക് വിൽക്കാൻ നിർബന്ധിക്കുകയാണ് അടുത്ത പടി. മിക്കവരും ഗർഭം പുറത്തു പറയാനുള്ള മടി മൂലം ഇവർക്ക് വഴങ്ങും. ഈ കുട്ടികൾ ക്ലിനിക്കിലെത്തുന്ന സ്ത്രീകളുടേതുമാകും.
ബിബിസി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ, ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അനംബ്ര സ്റ്റേറ്റ് കമ്മിഷണർ ഐഫി ഒബിനാബോ ആണ് ഇതിന് നേതൃത്വം നൽകുന്നത്. എന്നാൽ സ്ത്രീകളോടും വന്ധ്യതാ പ്രശ്‌നങ്ങളോടും, ഗർഭച്ഛിദ്രത്തോടുമൊക്കെയുള്ള സമീപനം മാറാതെ ഈ തട്ടിപ്പിനെ വേരോടെ പിഴുതെറിയാനാവില്ലെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്.