യുവാവിനെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ച കേസ്; നാലു പ്രതികൾ കൂടി അറസ്റ്റിൽ

A case where a young man was killed and left in an ambulance; Four more accused were arrested

 

തൃശൂർ കയ്പമംഗലത്ത് 40 കാരനെ തല്ലിക്കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ച കേസില്‍ നാലു പ്രതികൾ കൂടി അറസ്റ്റിൽ. സാദിഖ് , ഫായിസ്, മുജീബ്, സലീം എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട അരുണിനെ പ്രതികൾ അതിക്രൂരമായി തല്ലിച്ചതച്ചെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

അരുണിന്‍റെ ശരീരത്തിൽ 50- ലേറെ പരിക്കുണ്ട്. തലക്കേറ്റ അടി മരണകാരണമെന്നും പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. ഇന്നലെ കേസിലെ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കയ്പമംഗലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കൊല നടത്തിയവരെന്ന് സംശയിക്കുന്ന സംഘം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വഴിയാത്രക്കാർ കണ്ടെങ്കിലും ഇവർ സമർഥമായി രക്ഷപ്പെട്ടു.

മറ്റെവിടെയോ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം കാറിൽ കൊണ്ടുവന്ന് ഇവിടെ തള്ളാനായിരുന്നു സംഘത്തിൻ്റെ ശ്രമമെന്ന് സംശയിക്കുന്നു. ഇതിനിടെ വഴിയാത്രക്കാർ കണ്ടതോടെ അപകടം ഉണ്ടായെന്നും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിക്കാനും സംഘം ആവശ്യപ്പെട്ടു. അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പിന്നാലെ കാറിൽ എത്താമെന്ന് ആംബുലൻസ് ജീവനക്കാരോട് പറഞ്ഞ സംഘം പിന്നീട് കടന്നു കളയുകയായിരുന്നു.

ഇറിഡിയം ഇടപാടുമായി ബന്ധപ്പെട്ട 10 ലക്ഷം രൂപയുടെ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം. വട്ടണാത്രയിലെ എസ്റ്റേറ്റിലാണ് നാലംഗ സംഘം അരുണിനെയും സുഹൃത്ത് ശശാങ്കനെയും കാറിൽ എത്തിച്ച ശേഷം മർദിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *