ഒരു സിഗരറ്റിൽ പുകഞ്ഞുപോകുന്നത് ആയുസിന്റെ 20 മിനിറ്റ്; മുന്നറിയിപ്പ് നൽകി പുതിയ പഠനം
പുകവലി ആരോഗ്യത്തിന് ഹാനികരം… പുകവലി കാൻസറിന് കാരണമാകും ഇങ്ങനെയുള്ള മുന്നറിയിപ്പുകളൊക്കെ സിഗരറ്റ് പാക്കറ്റിന്റെ മുന്നിൽ കണ്ടിട്ട് തന്നെയാണ് അത് വാങ്ങി ഉപയോഗിക്കുന്നത് അല്ലേ! ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ പുകവലി കാരണം മരണപ്പെടുകയും ഗുരുതരമായ രോഗങ്ങളാൽ വലയുകയും ചെയ്യുമ്പോഴും ഉപേക്ഷിക്കാൻ പറ്റാത്ത ഒന്നായി പലരെയും ഈ ശീലം കീഴ്‌പ്പെടുത്തിയിട്ടുണ്ടാകും.cigarette
കയ്യിലെടുക്കുന്ന ഒരു സിഗരറ്റിന് നിങ്ങളുടെ ആയുസിന്റെ 20 മിനിറ്റിന്റെ വിലയുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ (യുസിഎൽ) ഗവേഷകർ നടത്തിയ പുതിയ പഠനമനുസരിച്ച് ഒരു സിഗരറ്റ് വലിക്കുമ്പോൾ സ്ത്രീകൾക്ക് അവരുടെ ആയുസിന്റെ 22 മിനിറ്റ് നഷ്‌ടമാകും, പുരുഷന്മാർക്ക് 17 മിനിറ്റും. ഓരോ സിഗരറ്റും ഏകദേശം 11 മിനിറ്റ് ആയുസ് കുറയ്‌ക്കുമെന്ന് നേരത്തെ തന്നെ കണക്കുകൾ പുറത്തുവന്നിരുന്നു.
ദീർഘകാല ജനസംഖ്യാ ആരോഗ്യ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. എത്ര നേരത്തെ പുകവലി ഉപേക്ഷിക്കുന്നുവോ അത്രയും കൂടുതൽ ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള സാധ്യത കൂടുമെന്നും പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാൾ പുകവലി ഉപേക്ഷിക്കുകയാണെങ്കിൽ എട്ട് ദിവസത്തിനുള്ളിൽ ഒരു ദിവസത്തെ ജീവിതം തിരിച്ചുപിടിക്കാൻ കഴിയും. ജനുവരിയിൽ പുകവലി നിർത്തുകയാണെങ്കിൽ വർഷാവസാനം 50 ശതമാനം ആയുസ് വീണ്ടെടുക്കാൻ കഴിയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഏത് പ്രായത്തിലാണെങ്കിലും പുകവലി നിർത്തിയാൽ ഉടൻ തന്നെ അതിന്റെ ഗുണങ്ങൾ ലഭിക്കും, ആരോഗ്യം ഗണ്യമായി മെച്ചപ്പെടുമെന്നും യുസിഎൽ ആൽക്കഹോൾ ആൻഡ് ടുബാക്കോ റിസർച്ച് ഗ്രൂപ്പിലെ പ്രിൻസിപ്പൽ റിസർച്ച് ഫെല്ലോ ഡോ. സാറാ ജാക്‌സൺ പറഞ്ഞു.
ആയുസ് കുറയുന്നതാണ് വിട്ടുമാറാത്ത രോഗങ്ങളാൽ വലയേണ്ടിവരുമെന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ആയുസ് കുറയും എന്നത് കൊണ്ട് പെട്ടെന്ന് മരണം സംഭവിക്കുമെന്നാണ് കരുതുന്നതെങ്കിൽ തെറ്റി, ആരോഗ്യകരമായ ജീവിതമാണ് ഇല്ലാതാകുന്നത്. 50 വയസുള്ള ഒരാളാണ് നിങ്ങളെങ്കിൽ 70കാരന്റെ ആരോഗ്യത്തിലേക്കായിരിക്കും നിങ്ങൾ എത്തുക. . ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഒരിക്കലും വൈകില്ലെന്ന സന്ദേശവും പഠനത്തിലൂടെ ഗവേഷകർ നൽകുന്നുണ്ട്.