അഞ്ചുവർഷത്തെ ടോൾ; കേരളത്തിൽനിന്ന് മാത്രം പിരിച്ചത് 1238 കോടി
കൊച്ചി: രാജ്യത്തെ ദേശീയപാത ടോൾ പ്ലാസകളിലൂടെ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് കിട്ടിയത് 1,58,475.79 കോടി രൂപ. ഇതിൽതന്നെ 2022-23 കാലയളവിലാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് -46,998.04 കോടി. വർഷം ചെല്ലുന്തോറും ടോൾ വരുമാനത്തിൽ വർധനവുണ്ടാകുന്നുണ്ടെന്ന് വിവരാവകാശ രേഖകൾ പറയുന്നു. അഞ്ചുവർഷത്തിനിടെ 2018-19ലായിരുന്നു ഏറ്റവും കുറഞ്ഞ വരുമാനം -24,570 കോടി. 2019-20ൽ ഇത് 26,709 കോടിയായി. 2020-21ൽ 27,160 കോടിയും 2021-22ൽ 33,037 കോടിയുമായിരുന്നെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) നൽകിയ മറുപടിയിലുണ്ട്.
ഇക്കാലയളവിൽ കേരളത്തിൽനിന്ന് മാത്രമുള്ള ടോൾ പിരിവ് 1238 കോടിയാണ്. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് പിന്നിലാണ് കേരളം. 2018-19ൽ 180.36 കോടിയും 2019-20ൽ 201.26 കോടിയും 2020-21ൽ 215.66 കോടിയും ലഭിച്ചു. 2022-23 കാലത്ത് 460.71 കോടി പിരിച്ചതാണ് അഞ്ചുവർഷത്തിനിടെ കേരളത്തിൽ ഏറ്റവും ഉയർന്ന ടോൾ വരുമാനം.എൻ.എച്ച്.എ.ഐ കണക്കുപ്രകാരം വിവിധ സംസ്ഥാനങ്ങളിലായി 958 ടോൾ പ്ലാസകളാണുള്ളത്. കേരളത്തിലുള്ളത് 10 എണ്ണമാണ്.
മുന്നിൽ യു.പി, പിന്നിൽ ഹിമാചൽപ്രദേശ് രാജ്യത്ത് ഏറ്റവും കൂടുതൽ ടോൾ പിരിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. 18,877 കോടിയാണ് 2018 മുതൽ 2023 വരെ ഈ സംസ്ഥാനത്ത് മാത്രം പിരിച്ചെടുത്തത്. 2022-23 വർഷത്തിൽ മാത്രം യു.പിയിൽ 5583 കോടി ടോൾ വരുമാനമുണ്ടായി. തൊട്ടുപിന്നിൽ രാജസ്ഥാനുണ്ട്. അഞ്ചുവർഷത്തിനിടെ ലഭിച്ച വരുമാനം 17,824 കോടിയാണ്.