പുല്ലങ്കോട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം കമുകുകളും പൈപ്പുകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് എസ്റ്റേറ്റിലെ ചോലക്കരികെ കാട്ടാനകൾ വ്യാപകമായി കവുങ്ങുകൾ നശിപ്പിച്ചത്. പുല്ലങ്കോട് മലവാരത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാനക്കൂട്ടം തമ്പടിച്ചിട്ട്. ഏഴോളം കാട്ടാനകളാണ് സംഘത്തിലുള്ളത്. ഒന്നിലധികം കാട്ടാനക്കൂട്ടം ഉണ്ടെന്നും സംശയിക്കുന്നുണ്ട്.
പൈപ്പ് ലൈനുകളും കുടിവെള്ള സ്രോതസ്സുകളും എല്ലാം ആനകൾ തകരാറിലാക്കി. എഴുപതോളം കമുകുകളാണ് ഒറ്റരാത്രി കൊണ്ട് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ടാപ്പിങ്ങ് ഉപകരണങ്ങളും തൊഴിൽ സാമഗികളും നശിപ്പിച്ചു. വാഴകളും നശിപ്പിച്ചു. പുല്ലങ്കോട്, സ്രാമ്പിക്കല്ല് അങ്ങാടികൾക്ക് അര കിലോമീറ്ററോളം അകലെയാണ് കാട്ടാനക്കൂട്ടം എത്തിയത്. തോട്ടത്തിലെ ഫീൽഡ് അസിസ്റ്റന്റായിരുന്ന ആലുക്കൽ മുരളിയെ കാട്ടാന കുത്തിക്കൊന്നതിന് സമീപത്തെ ഒന്നാം ചോലപ്പതിയിലെ കമുകുകളാണ് കാട്ടാനകൾ കൂട്ടത്തോടെ നശിപ്പിച്ചത്.
തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ പടക്കം പൊട്ടിക്കൽ മാത്രമാണ് ഏക മാർഗം. സോളാർ വേലികളോ മറ്റു സംവിധാനങ്ങളോ ഇപ്പോൾ ഇല്ല. തോക്കുധാരികളായ വാച്ചർമാർ ആയിരുന്നു എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നേരത്തെ സുരക്ഷ ഒരുക്കിയിരുന്നത്. എന്നാൽ, ഇവരുടെ തോക്കുകൾ പൊലീസ് അധികൃതർ പിടിച്ചെടുത്തതോടെ തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത അവസ്ഥയിലാണ് തോട്ടം ഉടമകൾ. പല പ്രാവശ്യം തോക്കുകൾ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായിട്ടില്ല.
