ഒട്ടും നിനയ്ക്കാത്ത നേരത്തൊരു പത്മവിഭൂഷൺ -കെ.ടി. തോമസ്
കോട്ടയം: ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൺ തന്നെ തേടിവന്നതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ച അഞ്ചുപേരിൽ ഒരാളായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരവിവരം അറിഞ്ഞ ശേഷം കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പുരസ്കാരവിവരം അറിയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചതായും കെ.ടി. തോമസ് പറഞ്ഞു.
തന്നെ ആരാണ് അവാർഡിന് നോമിനേറ്റ് ചെയ്തതെന്ന് അറിയില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ അവാർഡ് വാങ്ങാൻ നേരിൽ വരാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. വാങ്ങാൻ പകരം ആളെ അയക്കും -88കാരനായ കെ.ടി. തോമസ് പറഞ്ഞു.2007ൽ പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു.
കോട്ടയം കഞ്ഞിക്കുഴി കല്ലുപുരക്കൽ തടത്തിൽ വീട്ടിലാണ് ഇപ്പോൾ താമസം. ഭാര്യ: തരുണി തോമസ്. ഡോ. ബിനു തോമസ്, ബെച്ചു കുര്യൻ തോമസ്, ഡോ. ബിബിൻ തോമസ് എന്നിവരാണ് മക്കൾ.
