സൈറൺ മുഴക്കിയെത്തിയ ആംബുലൻസിൽ വളർത്തുനായ; ഡ്രൈവർ അറസ്റ്റിൽ
ഹൈദരാബാദ്: തെലങ്കാനയിൽ വളർത്തുനായയെ കൊണ്ടുപോകാൻ ആംബുലൻസ് ദുരുപയോഗം ചെയ്ത ഡ്രൈവർ അറസ്റ്റിൽ. മഡിനഗുഡയിൽ നിന്ന് ഹിമായത്ത്നഗറിലേക്ക് പോവുകയായിരുന്ന ആംബുലൻസ് പഞ്ചഗുട്ട ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് പതിവ് പരിശോധനക്കായി പൊലീസ് തടഞ്ഞത്. ഗുരുതരാവസ്ഥയിലുള്ള രോഗിയാകും വണ്ടിക്കുള്ളിലെന്ന് കരുതി പെട്ടെന്ന് പരിശോധിക്കാനെത്തിയ പൊലീസുകാർ വളർത്തുനായയെ കണ്ട് ഞെട്ടി.ambulance
നായയെ ശസ്ത്രക്രിയക്കായി മഡിനഗുഡയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഡ്രൈവറായ ലക്ഷ്മിനാരായണൻ പൊലീസിനോട് പറഞ്ഞത്. ഗതാഗതക്കുരുക്ക് ഒഴിവാക്കി പെട്ടെന്ന് എത്താനാണ് സൈറൺ ഇട്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. വാഹനം പിടിച്ചെടുത്ത പൊലീസ് ലക്ഷ്മി നാരായണനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാനായി എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനാണ് ആംബുലൻസുകൾക്ക് പ്രത്യേക പരിഗണന നൽകുന്നത്. വ്യക്തിപരമായ കാര്യങ്ങൾക്കായി ഇത് ദുരുപയോഗം ചെയ്യുന്നത് അധാർമികമാണെന്ന് ട്രാഫിക് പൊലീസ് ജോയിന്റ് കമ്മീഷണർ ജോയൽ ഡേവിസ് പറഞ്ഞു. ഇത്തരം ദുരുപയോഗം തടയാനായി ആംബുലൻസ് ഡ്രൈവർമാരുടെ പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.