എട്ട് കിലോമീറ്റർ നിർത്താതെ ഓടി പൊലീസ് നായ, യുവതിയുടെ ജീവൻ രക്ഷിച്ചു, കൊലയാളിയെ പിടികൂടി; കൈയ്യടിച്ച് ജനം
കർണാടകയിൽ എട്ട് കിലോമീറ്റർ നിർത്താതെ ഓടിയ പൊലീസ് നായ യുവതിയുടെ ജീവൻ രക്ഷിച്ചു. കൊലക്കേസ് പ്രതിയെ കണ്ടെത്തുകയും ചെയ്തു. കർണാടകയിലെ ദവനഗരയിലാണ് സംഭവം. ഇവിടെ ഛന്നഗിരി താലൂക്കിലെ സന്തെബെന്നൂർ എന്ന സ്ഥലത്ത് പെട്രോൾ പമ്പിന് സമീപത്തെ ബഡ റോഡിൽ കണ്ടെത്തിയ മൃതദേഹവും അതിന് പിന്നാലെ നടന്ന സംഭവങ്ങളുമാണ് ഇതിലേക്ക് നയിച്ചത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വിശദമായ അന്വേഷണത്തിൻ്റെ ഭാഗമായാണ് തുങ്ക 2 എന്ന പൊലീസ് നായയെ ജില്ലാ പൊലീസ് മേധാവി ഉമ പ്രശാന്ത് നിയോഗിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ജാക്കറ്റ് മണത്ത പൊലീസ് നായ ഇവിടെ നിന്ന് തുടങ്ങിയ ഓട്ടം പൊലീസിനെ പോലും ചുറ്റിച്ചു. നായക്കൊപ്പം അതിൻ്റെ മേൽനോട്ട ചുമതലയിലുള്ള കോൺസ്റ്റബിൾ ഷാഫിയും ഓടി. എട്ട് കിലോമീറ്റർ ദൂരെ ഛന്നപുര എന്ന സ്ഥലത്തുള്ള വീടിന് സമീപത്താണ് നായ ചെന്ന് നിന്നത്.
വീടിന് അകത്ത് നിന്ന് അലമുറ കേട്ട് പൊലീസ് സംഘം പൊടുന്നനെ നീങ്ങി. അകത്ത് ഒരു സ്ത്രീയെ ഒരാൾ അതിക്രൂരമായി മർദ്ദിക്കുന്നതാണ് കണ്ടത്. ബോധം നഷ്ടപ്പെടാവുന്ന നിലയിൽ അപ്പോഴേക്കും സ്ത്രീക്ക് മർദ്ദനമേറ്റിരുന്നു. രൂപ എന്നാണ് മർദ്ദനത്തിന് ഇരയായ സ്ത്രീയുടെ പേര്. അക്രമിയെ അറസ്റ്റ് ചെയ്ത പൊലീസ് രൂപയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രംഗസ്വാമി എന്നാണ് അറസ്റ്റിലായ പ്രതിയുടെ പേര്. ആദ്യത്തെ കൊലപാതകത്തിന് പിന്നിലും രംഗസ്വാമിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
സന്തോഷ് എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്. സന്തോഷിന് തൻ്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രംഗസ്വാമിയാണ് ഇയാളെ കൊലപ്പെടുത്തിയത്. സന്തോഷിൻ്റെ മൃതദേഹത്തിന് അടുത്ത് കിടന്ന ജാക്കറ്റ് രംഗസ്വാമിയുടേതായിരുന്നു. ഈ ജാക്കറ്റിലെ മണം പിന്തുടർന്ന് പോയാണ് പ്രതിയെ നായ കണ്ടെത്തിയത്.
സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം രംഗസ്വാമി തൻ്റെ വീട്ടിലെത്തിയത് ഭാര്യയെ കൊല്ലുകയെന്ന ഉദ്ദേശത്തോടെയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ യുവതി കൊല്ലപ്പെടും മുൻപ് പൊലീസ് നായ ഇയാളെ കണ്ടെത്തി. യുവതിയെ അവശനിലയിൽ കണ്ട് അമ്പരന്ന ജനം ഒന്നടങ്കം തുങ്ക 2 വിനെ കൈയ്യടിച്ച് അഭിനന്ദിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രംഗസ്വാമിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.