പോരാട്ടം ഭരണകൂടത്തിനെതിരെയെന്ന പരാമര്‍ശം; രാഹുൽ ഗാന്ധിക്കെതിരെ കേസ്
ഗുവാഹത്തി: രാജ്യത്തിന്റെ പരമാധികാരത്തെ അപകടപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന പരാമര്‍ശത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അസം ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മൊന്‍ജിത് ചേതിയ എന്നയാളാണ് പരാതി നൽകിയത്. Rahul Gandhi
കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു രാഹുല്‍ പരാതിക്ക് കാരണമായ പരാമര്‍ശം നടത്തിയത്. ബിജെപിയും ആര്‍എസ്എസ്സും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മള്‍ ബിജെപിയുമായും ആര്‍എസ്എസ്സുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടുകയാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.
രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പരാതിയിൽ പറയുന്നത്. ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് തന്റെ പരാമര്‍ശത്തിലൂടെ നടത്തിയിരിക്കുന്നതെന്നും തെരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെടുന്നതിലുള്ള നിരാശയാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നും പരാതിക്കാരൻ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെ 152, 197(1) വകുപ്പുകളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് Rahul Gandhi