വെള്ളാരങ്കണ്ണിൽ നിന്ന് ഉതിർന്നുവീണ ഒരുതുള്ളി കണ്ണുനീർ !

ഫുട്ബാൾ എനിക്ക് ഒരു കളിയല്ല, ഒരു വികാരമാണ്. ജാതിക്കും മതത്തിനും വർഗത്തിനും ഭാഷക്കും അതീതമായി മനുഷ്യരെ ഒരുമിപ്പിക്കുന്ന അപൂർവമായ ഒരു ആഘോഷം. രാത്രികളെ പകലാക്കുകയും വീട്ടുകാരുടെ ഉറക്കം കെടുത്തുകയും ചെയ്യുന്ന ഉത്സവ രാവുകളാണ് ലോകകപ്പ് ദിനങ്ങൾ.

ഇന്നത്തെ പോലെ ഇന്റർനെറ്റോ സോഷ്യൽ മീഡിയകളോ ഇല്ലാതിരുന്ന കാലത്ത്, ലോകകപ്പ് വിശേഷങ്ങളും ചർച്ചകളും വാദപ്രതിവാദങ്ങളും നിറഞ്ഞിരുന്നത് ഞങ്ങളുടെ വൈറ്റ് വിങ്സ് ഉണിച്ചിറ ക്ലബ്ബ് ഗ്രൗണ്ടിലായിരുന്നു. ഫുട്ബാൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് വെള്ളക്കൽ വീട്ടിലെ മമ്മാലിക്കയെയാണ്. കളിക്കാൻ ഗ്രൗണ്ടും കളിയെ സ്നേഹിക്കാൻ പ്രോത്സാഹനവും നൽകിയ ഉണിച്ചിറക്കാരുടെ സ്വന്തം മമ്മാലിക്ക.ലോകകപ്പ് കാലമായാൽ വൈകുന്നേരങ്ങൾ ഗ്രൗണ്ടിൽ ചൂടുപിടിച്ച ചർച്ചകളുടേതായിരുന്നു. ബ്രസീലിനെയും അർജന്റീനയെയും സ്നേഹിക്കുന്നവരായിരുന്നു കൂടുതലും. മമ്മദ്, കണ്ണൻ, ബിജോയ്, മഷൂദ്, ഷാജി, കെബി, ഷിജു, രാജേഷ്, സുനി… ഓരോരുത്തരും ലോക ഫുട്ബാളിന്റെ വലിയ നിരൂപകരായി മാറിയിരുന്ന നാളുകൾ.

എന്നാൽ ഇന്ന് ലോകകപ്പ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് 1994-ലെ ഫൈനലാണ്. അന്ന് രാത്രി ഒന്നരയോടെയായിരുന്നു മത്സരം. അതുവരെ സമയം ചെലവിടാൻ ഞങ്ങൾ എറണാകുളത്തെ സരിത–സവിത–സംഗീത തിയേറ്ററിൽ സെക്കൻഡ് ഷോ സിനിമക്ക് പോയി. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്നത്തെ പോലെ ബസ്സുകളോ സ്വകാര്യ വാഹനങ്ങളോ സുലഭമല്ലായിരുന്നു. എറണാകുളത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് നടന്നു. വഴിയിൽ ഒരു ടെമ്പോ തടഞ്ഞുനിർത്തി അതിന്റെ പുറകിൽ കയറി യാത്ര തുടർന്നു. ഡ്രൈവറുമായുള്ള സംസാരവും ലോകകപ്പ് വിശേഷങ്ങളെക്കുറിച്ചായിരുന്നു. അദ്ദേഹം ഞങ്ങളെപ്പോലെ അർജന്റീന ആരാധകനായിരുന്നു.

ഇടപ്പള്ളി ടോളിൽ ഇറങ്ങി പൂക്കാട്ടുപടിയുടെ തട്ടുകടയിൽ നിന്ന് ചായ കുടിച്ച് വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയപ്പോഴേക്കും ഫൈനൽ മത്സരത്തിന്റെ വിസിൽ മുഴങ്ങാൻ തുടങ്ങി. അർജന്റീന ആരാധകരായ ഞാനും മമ്മതും കെബിയും അന്ന് ഇറ്റലിയുടെ പക്ഷത്തായിരുന്നു. ബ്രസീലിന്റെ റൊമാരിയോയുടെ ഓരോ നീക്കത്തിലും ബിജോയ് ആവേശം കൊണ്ടു വിളിച്ചുപറയുമ്പോൾ, ഞങ്ങൾ ബാജിയോയുടെ ഓരോ സ്പർശനവും ആഘോഷമാക്കി. അന്നാണ് ഞാൻ റോബർട്ടോ ബാജിയോയുടെ ആരാധകനായത്. ക്ലബ്ബിലെ ഗോൾകീപ്പറായിരുന്ന ഞാൻ ജിയാൻലൂക പഗ്ലിയൂകയുടെ ആരാധകനുമായി.

റൊമാരിയോയുടെയും ദുംഗയുടെയും ആക്രമണങ്ങൾ ഗോളാകാതെ തടയപ്പെട്ട ഓരോ നിമിഷവും പഗ്ലിയൂക്കയോടുള്ള എന്റെ ആരാധന വർധിപ്പിച്ചു. ഒടുവിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

പിന്നീട് സംഭവിച്ചത് ഇന്നും മനസ്സിൽ മായാത്ത ഒരു ദൃശ്യം. ഞങ്ങളുടെ പ്രിയതാരമായ ബാജിയോയുടെ പെനാൽറ്റി കിക്ക് ക്രോസ്‌ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. അതോടെ കരീമും ഷിജുവും ഞങ്ങളെ നിലത്തിട്ട് അവരുടെ ആഹ്ലാദം ആഘോഷിച്ചു. അവർക്കിടയിലൂടെ ടെലിവിഷനിലേക്ക് നോക്കിയപ്പോൾ ഞാൻ കണ്ടത് ഒരു പരാജയപ്പെട്ട താരത്തെയല്ല; സ്വപ്നങ്ങൾ തകർന്ന ഒരു മനുഷ്യനെയായിരുന്നു.

വജ്രക്കല്ലുപോലെ തിളങ്ങുന്ന ആ വെള്ളാരം കണ്ണുകളിൽ നിന്ന് ഉതിർന്നുവീണ കണ്ണുനീർ ഇന്നും എന്റെ മനസ്സിലെ ഒരു നൊമ്പരമാണ്. ഇന്നും ഏത് മത്സരത്തിലും ഒരു താരം പെനാൽറ്റി പുറത്തേക്ക് അടിക്കുമ്പോൾ, എന്റെ ഓർമ്മകളിലേക്ക് ആദ്യം കടന്നുവരുന്നത് ആ 1994-ലെ രാത്രി തന്നെയാണ്. ആ വെള്ളാരം കണ്ണിൽ നിന്ന് ഉതിർന്നുവീണ ഒരുതുള്ളി കണ്ണുനീർ തന്നെയാണ്.