ഒടുവിൽ ആശ്വാസം: അബിഗേലിനെ കണ്ടെത്തി; കണ്ടെത്തിയത് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന്
കൊല്ലം ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് ഉപേക്ഷിച്ച നിലയില്‍ അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവർ കടന്നുകളഞ്ഞുവെന്നാണ് വിവരം.
Also Read : ‘രാത്രി തങ്ങിയത് വീട്ടില്‍, ഇന്ന് രാവിലെയാണ് കാറില്‍ കയറിയത്’: അബിഗേല്‍ നാട്ടുകാരോട് പറഞ്ഞത്
ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ
വീഴുകയുമായിരുന്നു.
പിന്നീട് കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. ഇവരുടെ വാഹനം കേന്ദ്രീകരിച്ച് കഴിഞ്ഞ 20 മണിക്കൂറായി അന്വേഷണം പുരോഗമിക്കവെയാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.