ആദിത്യ നിക്കാഹിനു വേണ്ടി പേരുമാറ്റുകയായിരുന്നു; മതംമാറിയിട്ടില്ല-സറീന വഹാബ്
മുംബൈ: ആദിത്യ പാഞ്ചോലിയുമായുള്ള വിവാഹത്തെ കുറിച്ചും ദാമ്പത്യജീവിതത്തെ കുറിച്ചും വെളിപ്പെടുത്തലുമായി ബോളിവുഡ് താരം സറീന വഹാബ്. ഒരു സിനിമയുടെ ചർച്ചയ്ക്കിടയിലാണ് ആദിത്യയെ ആദ്യമായി കാണുന്നതെന്നും അതു കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം തന്നെ വിവാഹവും നടന്നുവെന്ന് നടി പറഞ്ഞു. ആദിത്യ ഇസ്‌ലാമിലേക്ക് മതംമാറിയിരുന്നില്ലെന്നും നിക്കാഹിനു വേണ്ടി പേരുമാറ്റുകയായിരുന്നുവെന്നും സറീന പറഞ്ഞു.Zareena Wahab
‘ലെഹ്‌റേൻ റെട്രോ’ എന്ന എന്റർടെയിൻമെന്റ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സറീന വഹാബ് മനസ്സുതുറന്നത്. ‘വിഎച്ച്എസ് ടേപ്പിനു വേണ്ടി സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അവർ ബന്ധപ്പെടുന്നതും സംസാരിക്കുന്നതും. എനിക്ക് അതിൽ സിനിമ ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ല. ശരിക്കുമുള്ള സിനിമ പോലെ തന്നെയായിരിക്കും ഇതുമെന്ന് അവർ പറഞ്ഞു. ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഞാനത് അംഗീകരിക്കുകയും ചെയ്തു. അവിടെവച്ചാണ് നിർമലിനെ(ആദിത്യ പാഞ്ചോലിയുടെ യഥാർഥ നാമം) ആദ്യമായി കാണുന്നത്’-അവര്‍ പറഞ്ഞു.
‘സുമുഖനും എന്നെക്കാൾ ഇളയവനുമായിരുന്നു നിർമൽ. എന്നാൽ, നിങ്ങൾ വിശ്വസിക്കാൻ സാധ്യതയില്ല. അതുകഴിഞ്ഞ് 15-20 ദിവസത്തിനുള്ളിൽ ഞങ്ങൾ വിവാഹിതരായി. അങ്ങനെയൊരു സിനിമ ചെയ്യാൻ ഒരു താൽപര്യവുമുണ്ടായിരുന്നില്ല. പക്ഷേ, അവിടെ വച്ച് എന്റെ ഭർത്താവിനെ കണ്ടുമുട്ടണമെന്ന് എന്റെ തലയിലെഴുതിയിരുന്നു.’
രണ്ടുപേരും രണ്ടു മതക്കാരായത് ജീവിതത്തെ ബാധിച്ചില്ലെന്നും സറീന വഹാബ് പറഞ്ഞു. കല്യാണം കഴിഞ്ഞപ്പോൾ ആളുകൾ പലതും പറഞ്ഞു. അവൻ സുന്ദരനാണ്. വളരെ ചെറുപ്പമാണ്. ഈ ബന്ധം അഞ്ചു മാസത്തിനപ്പുറം പോകില്ല എന്നൊക്കെ പറഞ്ഞവരുണ്ട്. എന്നാൽ, ഇപ്പോൾ 36 വർഷമായി. എന്റെ വീട്ടിൽ ഒരുപാട് ക്ഷേത്രങ്ങളുണ്ട്. ഞാൻ അവിടെ നമസ്‌കരിക്കും. മതത്തിന്റെ പേരിലുള്ള ഒരു വേർതിരിവും വീട്ടിലുണ്ടായിരുന്നില്ല. ഭർതൃവീട്ടുകാരും നല്ല പെരുമാറ്റമാണ്. ഞങ്ങൾക്കു വേണ്ടതെല്ലാം അവിടെയുണ്ടായിരുന്നു. ഒരു തടസവുമുണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു.
കല്യാണത്തിന്റെ ഭാഗമായി നിക്കാഹ് ചടങ്ങുമുണ്ടായിരുന്നു. മുസ്‌ലിംകളെ പോലെ തോന്നിപ്പിക്കാൻ വേണ്ടി അദ്ദേഹം പേരുമാറ്റി. എന്നാൽ, ഇസ്‌ലാമിലേക്കു മതംമാറുകയൊന്നും ചെയ്തിരുന്നില്ല. ഒരു പാകിസ്താനി ഷോയിലെ കഥാപാത്രത്തിന്റെ പേര് ഇഷ്ടപ്പെട്ടാണ് മകൾക്ക് സന എന്നു പേരിട്ടത്. ആദിത്യയുടെ ഒരു കഥാപാത്രത്തിൽനിന്നു കടംകൊണ്ടാണ് മകന് സൂരജ് എന്നും പേരിട്ടത്. അവർക്ക് മുസ്‌ലിം പേരിടണോ, ഹിന്ദുനാമം നൽകണോ എന്ന തരത്തിലൊന്നും ചർച്ച നടന്നിരുന്നില്ല. ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാൻ മക്കളെ വിട്ടിരിക്കുകയാണെന്നും സറീന സറീന വെളിപ്പെടുത്തി.
കങ്കണ റണാവത്ത് ആദിത്യയ്‌ക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അവർ തള്ളിക്കളയുകയും ചെയ്തു. കങ്കണയുമായി എനിക്ക് നല്ല ബന്ധമായിരുന്നു. അവർ പലപ്പോഴും വീട്ടിൽ വരാറുമുണ്ടായിരുന്നു. എന്താണ് അവരുടെ പ്രശ്‌നമെന്ന് അറിയില്ല. ഒരിക്കലും മോശം ഭർത്താവല്ല അദ്ദേഹം. ഒരിക്കലും മോശമായി പെരുമാറുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. പകരം ഞാനാണ് അങ്ങോട്ട് അടിക്കാറുള്ളത്. ആഗ്രഹിച്ചതു കിട്ടാത്തതുകൊണ്ടാകും പെൺസുഹൃത്തുക്കൾ ആദിത്യയെ കുറിച്ചു പലതും പറയുന്നതെന്നും സറീന വഹാബ് കൂട്ടിച്ചേർത്തു.