ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബിജെപി മെലിഞ്ഞു: വർഷങ്ങൾക്ക് ശേഷം അംഗബലം 90-ൽ താഴെ
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവി പാർലമെന്റിലെ ഉപരിസഭയായ രാജ്യസഭയിലും ബി.ജെ.പിക്ക് ക്ഷീണം പകരുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗബലം 90-ൽ താഴെയായി കുറഞ്ഞു. ബിജെപി അംഗങ്ങളായ സോണാൽ മാൻസിംഗ്, മഹേഷ് ജഠ്മലാനി, രാകേഷ് സിൻഹ, രാം ഷക്കൽ എന്നിവരുടെ കാലാവധി ജൂലായ് 13-ന് അവസാനിച്ചതോടെ പാർട്ടിയുടെ അംഗബലം 86 ലേക്ക് കൂപ്പുക്കുത്തി. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ സീറ്റെണ്ണം 101 ആയി ചുരുങ്ങി. 245 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റാണ്.Lok Sabha
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാജ്യസഭാ അംഗങ്ങളായിരുന്ന ബിജെപി നേതാക്കൾ കൂട്ടത്തോടെ തോറ്റുപോയതാണ് ഇത്തരം ക്ഷീണത്തിനിടയാക്കിയത്. മലയാളികളായ കെ. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ തോറ്റുപോയ രാജ്യസഭാ അംഗങ്ങളായ മന്ത്രിമാരായിരുന്നു.
സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചെങ്കിലും രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതോടെ ആ നഷ്ടം നികത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി. മഹാരാഷ്ട്രയിലും ബിഹാറിലും അസമിലും രണ്ട് വീതം സീറ്റുകൾ നേടാനാകുമെന്ന ആത്മവിശ്വാസം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിനുണ്ട്. പ്രതിപക്ഷത്തിനെതിരെ വ്യക്തമായ ആധിപത്യമുള്ളതിനാൽ ഹരിയാന, മധ്യപ്രദേശ്, ത്രിപുര, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ സീറ്റും ലഭിക്കുമെന്നും അവർ കരുതുന്നുണ്ട്.
അതേസമയം വിജയകരമായ സമവാക്യങ്ങൾകൊണ്ട് പ്രതിപക്ഷ സഖ്യത്തെ ഏകോപ്പിച്ച് നിർത്തുന്ന കോൺഗ്രസും വിജയ പ്രതീക്ഷ കൈവിട്ടിട്ടില്ല. തെലങ്കാനയിലെ ഒരു സീറ്റിൽ വിജയമുറപ്പാണെന്ന വിശ്വസം കോൺഗ്രസിനുണ്ട്. ബിആർഎസിൻ്റെ പിന്തുണയുള്ള തെലങ്കാനയിലെ ഏക സീറ്റ് നേടാനും കോൺഗ്രസ് പിടിമുറിക്കും. എന്നാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്ന കെ.സി വേണുഗോപാൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ആ സീറ്റ് ബിജെപി നേടിയേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ദീപേന്ദർ സിംഗ് ഹൂഡ ഒഴിഞ്ഞ ഹരിയാനയിലെ രാജ്യസഭാ സീറ്റിലും ബിജെപിക്കാണ് മുൻതൂക്കം. അതേസമയം ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ പ്രാദേശിക പാർട്ടികളുടേയൊ സ്വതന്ത്ര എംഎൽഎമാരോ തങ്ങളോടൊപ്പം നിന്നാൽ അത് നേട്ടമാക്കാൻ കഴിയുമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്.
19 സീറ്റുകളാണ് ഉപരിസഭയിൽ നിലവിൽ ഒഴിഞ്ഞ് കിടക്കുന്നത്. ഇതിൽ 11 സീറ്റലെ അംഗങ്ങളായിരുന്നവർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബി.ആർ.എസ്. എം.പിയായിരുന്ന കെ കേശവ റാവു കോൺഗ്രസിൽ ചേർന്ന ശേഷം രാജിവക്കുകയായിരുന്നു. അവശേഷിക്കുന്ന നാലെണ്ണം ജമ്മു കശ്മീരിൽ നിന്നുള്ളവയാണ്. ബാക്കി നാലെണ്ണം രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾക്കായി നിയോഗിക്കപ്പെട്ടവയാണ്. ബിജെപിക്ക് 86 സീറ്റും കോൺഗ്രസിന് 26 സീറ്റും ടിഎംസിക്ക് 13 സീറ്റുമുള്ള രാജ്യസഭയുടെ നിലവിലെ അംഗബലം 226 ആണ്. ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.