‘എ.ഐ കാമറ 132 കോടിയുടെ അഴിമതി’; കൂടുതൽ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

കാസർകോട്: എ.ഐ കാമറ ഇടപാടിൽ കൂടുതൽ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല. കമ്പനികൾക്കൊന്നും മതിയായ യോഗ്യതയില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ബലമേകുന്ന രേഖകളാണ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്.

നൂറ് കോടി രൂപ വേണ്ടിവരുന്ന പദ്ധതി 232 കോടി രൂപക്കാണ് ടെണ്ടർ ചെയ്തത്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സർക്കാരിനോ മുഖ്യമന്ത്രിക്കോ സാധിച്ചിട്ടില്ല. വ്യവസായമന്ത്രി കെൽട്രോണിനെ വെള്ളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന നടപടിയാണ് ഉണ്ടായത്. ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമാണ് ടെണ്ടറിൽ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. എന്നാൽ കെൽട്രോൺ വിളിച്ച ടെണ്ടറിൽ പങ്കെടുത്ത അക്ഷര എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത് 2017-ലാണെന്നും ചെന്നിത്തല ആരോപിച്ചു. ഈ കമ്പനിക്ക് എങ്ങനെയാണ് 10 വർഷത്തെ പ്രവൃത്തിപരിചയം അവകാശപ്പെടാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

One thought on “‘എ.ഐ കാമറ 132 കോടിയുടെ അഴിമതി’; കൂടുതൽ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *