ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; വാഹനത്തിന്റെ ആർസി സസ്പെന്റ് ചെയ്യാൻ MVD
ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ആർസി സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ്മെന്റ് ആർ ടി ഒ മലപ്പുറം ആർ ടി ഒക്ക് ഇന്ന് ശുപാർശ നൽകും. നിയമലംഘനത്തിൽ നേരത്തെ മൂന്നു തവണ കേസെടുത്തിരുന്നു.
Also Read : റീൽ മുക്കി ആകാശ് തില്ലങ്കേരി; എംവിഡി പിന്നാലെ, വാഹനയുടമയെ കണ്ടെത്തി
മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്. പ്രദേശത്തെ എ ഐ കാമറകൾ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. വാഹനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തിയതുൾപ്പെടെ കേസുകൾ നേരത്തെ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമം കാറ്റിൽ പറത്തിയുള്ള യാത്രയിൽ വീണ്ടും നടപടി വരുന്നത്.
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്.