എം.വി.ഐ സഖ്യത്തിലെ എല്ലാവരും തുല്യർ, തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ട്‌; ശരത് പവാർ

alliance

പൂനെ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി( എം.വി.ഐ) സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ.alliance

എന്‍.ഡി.എ സര്‍ക്കാറില്‍ നിന്നും(മഹായുതി) ബദലാകുമെന്നും അവര്‍ക്കിപ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലെന്നും ശരത് പവാര്‍ പറഞ്ഞു. മഹാവികാസ് അഘാഡിയിലെ ശിവസനേ( ഉദ്ധവ് വിഭാഗം) എന്‍.സി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെല്ലാം തുല്യരാണെന്നും ശരത് പവാര്‍ പറഞ്ഞു.

”എന്ത് പ്രശ്‌നങ്ങൾ വന്നാലും ഞങ്ങളത് രമ്യമായി പരിഹരിക്കും. പാര്‍ട്ടികള്‍ക്ക് കൂടുതൽ ആവശ്യങ്ങളും പ്രതീക്ഷകളൊക്കെ ഉണ്ടാകുമെങ്കിലും അതൊന്നും പ്രശ്നമുള്ള കാര്യമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും ഇതൊക്കെ ഉണ്ടായിരുന്നു. എല്ലം ഞങ്ങള്‍ ഒറ്റക്കെട്ടായി നിന്നു പരിഹരിച്ചു”- ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

ഷിരൂർ എം.പി അമോൽ കോൽഹെയുടെ വസതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പവാർ.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ പ്രകടനമാണ് സഖ്യം കാഴ്ചവെച്ചത്. സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിൽ 30 എണ്ണത്തിലും വിജയിക്കാനായി. 13 സീറ്റില്‍ കോണ്‍ഗ്രസും ഒമ്പത് സീറ്റില്‍ ശിവസേനയും (ഉദ്ധവ് താക്കറെ പക്ഷം) വിജയിച്ചപ്പോള്‍ എന്‍.സി.പി. (ശരദ് പവാര്‍ പക്ഷം) ഏഴുസീറ്റുകള്‍ നേടി.

അടുത്തിടെ പൂനെയിൽ നിന്നുള്ള 28 എൻ.സി.പി നേതാക്കൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി വിട്ട് എൻ.സി.പിയിൽ തിരിച്ചെത്തിയിരുന്നു.

ഇനിയും നേതാക്കള്‍ അജിത് പവാറിന്റെ ക്യാമ്പ് വിടാനൊരുങ്ങുന്നതായി വാര്‍ത്തകളുണ്ട്. തെരഞ്ഞെെടുപ്പ് അടുക്കുന്നതോടെ നേതാക്കള്‍ ഇനിയുമെത്തുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *