പുഷ്പ 2 പ്രിമീയറിനിടെ യുവതി മരിച്ച കേസിൽ അല്ലു അർജുന് ജാമ്യം
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുന് ജാമ്യം. ഡിസംബർ 13ന് അറസ്റ്റ് ചെയ്ത നടനെ ഒരു ദിവസത്തിന് ശേഷം ഹൈക്കോടതി ഇടക്കാല ജാമ്യത്തിൽ പുറത്തുവിട്ടിരുന്നു. നാലാഴ്ചത്തെ ഇടക്കാല ജാമ്യം ജനുവരി പത്തിന് അവസാനിക്കാനിരിക്കെയാണ് വെള്ളിയാഴ്ച ഹൈദരബാദിലെ നാമ്പളി കോടതി നടന് സാധാരണ ജാമ്യം അനുവദിച്ചിരിക്കുന്നത്. 50,000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യവും കോടതി നിർദേശിച്ചിട്ടുണ്ട്. നടൻ ഞായറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.Allu Arjun
ഡിസംബർ നാലിനാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ചത്. മരിച്ച യുവതിയുടെ ശീജേഷ് എന്ന ഒമ്പത് വയസുള്ള മകനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രേവതിയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയേറ്റർ ഉടമകൾക്കുമെതിരെ കേസെടുത്തിരുന്നു.