മോദിയുടെ കത്ത് ലഭിച്ചവരിൽ പാകിസ്താനികളും യു.എ.ഇക്കാരും; രഹസ്യവിവരങ്ങൾ ചോർത്തിയെന്ന് പരക്കെ ആക്ഷേപം

Among the recipients of Modi's letter are Pakistanis and UAE; Widely accused of leaking confidential information

 

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷവും വോട്ടർമാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലെത്തിയ കത്തില്‍ വിവാദം പുകയുന്നു. വികസിത് ഭാരത് സമ്പർക്ക് എന്ന പേരിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽനിന്ന് എത്തിയ സന്ദേശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനമാണെന്നാണു പ്രതിപക്ഷ കക്ഷികൾ ആരോപിച്ചത്. എന്നാൽ, ഇന്ത്യൻ പൗരന്മാർക്കു പുറമെ പ്രവാസികളുടെയും വിദേശികളുടെയും ഉൾപ്പെടെ വ്യക്തിവിവരങ്ങളും നമ്പറുകളും ചോർത്തിയതായുള്ള ആരോപണവും ഇപ്പോൾ ഉയരുകയാണ്.

ഇന്ത്യക്കാർക്കു പുറമെ യു.എ.ഇ, പാകിസ്താൻ പൗരന്മാർക്കെല്ലാം ഇതേ സന്ദേശം വാട്‌സ്ആപ്പിൽ ലഭിച്ചിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരം. വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികളുടെ വിദേശ നമ്പറിലേക്കും വാട്‌സ്ആപ്പ് സന്ദേശങ്ങൾ എത്തിയിട്ടുണ്ട്. രഹസ്യവിവരങ്ങളും നമ്പറുകളും ചോർത്തിയെന്ന് ആരോപിച്ച് നിരവധി പേർ പരാതിയുമായി രംഗത്തെത്തിക്കഴിഞ്ഞു.

യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി ആന്തണി ജെ. പെർമാളിന്റെ വിഷയത്തിലുള്ള പോസ്റ്റ് കോൺഗ്രസ് നേതാവ് ശശി തരൂർ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളുടെ പച്ചയായ ദുരുപയോഗമാണിതെന്നും സർക്കാർ വിവരങ്ങൾ ഭരണകക്ഷിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരിക്കുകയാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്ത് തരൂർ എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ദിവസം യു.എ.ഇയിലുള്ള വിവിധ രാജ്യക്കാർക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യമായ സന്ദേശങ്ങൾ ലഭിച്ചുവെന്ന് ആന്തണിയുടെ ലിങ്കിഡിൻ പോസ്റ്റിൽ പറയുന്നു. വിദേശത്തെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശം ഇന്ത്യക്കാരല്ലാത്ത ആയിരങ്ങൾക്കും തങ്ങളുടെ സ്വകാര്യ മൊബൈൽ നമ്പറുകളിൽ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിനും ബി.ജെ.പിക്കും എങ്ങനെയാണു തങ്ങളുടെ നമ്പറുകൾ ലഭിച്ചത്. സ്വകാര്യ നിയമങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോസ്റ്റിനു താഴെ മെസേജ് ലഭിച്ചെന്നു പറഞ്ഞ് നിരവധി വിദേശികൾ രംഗത്തെത്തിയിട്ടുണ്ട്.

യു.എ.ഇ പൗരന്മാർക്കു പുറമെ യു.എ.ഇയിൽ ജോലി ചെയ്യുന്ന വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാരും പാകിസ്താനി മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം ഇതേ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഖലീജ് ടൈംസ് ഉൾപ്പെടെയുള്ള യു.എ.ഇ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷവും എങ്ങനെയാണ് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ബി.ജെ.പി കാംപയിൻ നടത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ ചോദിച്ചു. ഇന്ത്യയിലുള്ളവർ മാത്രമല്ല, ലോകത്തെങ്ങുമുള്ള ഇന്ത്യ സന്ദർശിച്ചവർ ഉൾപ്പെടെയുള്ളവർക്കു കഴിഞ്ഞ രണ്ടു ദിവസം മോദിയെയും ബി.ജെ.പിയെയും ഉയർത്തിക്കാട്ടുന്ന വികസിത് ഭാരത് വാട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റേതാണ് നമ്പർ എന്നാണ് വാട്‌സ്ആപ്പ് നൽകുന്ന വിവരം. ഇതിനു വേണ്ടി ഏത് ഡാറ്റാബേസ് ആണ് ഉപയോഗിച്ചത്. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ഈ സന്ദേശങ്ങൾക്ക് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകണമെന്നും സാകേത് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *