ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസുമായുള്ള സഖ്യം അനിവാര്യം; അതത്ര എളുപ്പമായിരുന്നില്ല- ഒമർ അബ്ദുല്ല

BJP

ശ്രീന​ഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായുള്ള സഖ്യം തീരുമാനമാവുകയും സീറ്റ് ധാരണയാവുകയും ചെയ്തതിനു പിന്നാലെ ഇതുസംബന്ധിച്ച് പ്രതികരിച്ച് നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായുള്ള സഖ്യം അനിവാര്യമാണെന്ന് ഒമർ അബ്ദുല്ല വ്യക്തമാക്കി.BJP

എൻ.സിക്ക് ജയസാധ്യതയുള്ള വിവിധ സീറ്റുകൾ ത്യജിക്കേണ്ടിവന്നതിനാൽതന്നെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യം അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആസ്ഥാനമായ നവ-ഇ-സുബഹിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഒമർ അബ്ദുല്ല. ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാനുള്ള കൂട്ടായ പോരാട്ടം കൂടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ഞങ്ങളുടെ മാത്രം പോരാട്ടമല്ല. ജമ്മു കശ്മീരിൻ്റെ മുഴുവൻ പോരാട്ടമാണ്. ഞങ്ങളോട് ചെയ്ത തെറ്റുകൾ തിരുത്തണമെങ്കിൽ അത് ഞങ്ങൾക്ക് മാത്രമല്ല, ജമ്മു കശ്മീരിലെ ഓരോ പൗരനും ഗുണം ചെയ്യും. ഞങ്ങളുടെ ഈ പോരാട്ടം ജമ്മു കശ്മീരിനാകെ വേണ്ടിയാണ്. അതുകൊണ്ടാണ് അത്ര എളുപ്പമുള്ള തീരുമാനമല്ലാതിരുന്നിട്ടും, ഞങ്ങൾ കോൺഗ്രസുമായി കൈകോർത്തത്. നാഷണൽ കോൺഫറൻസിന് മാത്രമേ കടുത്ത പോരാട്ടം കാഴ്ചവയ്ക്കാനാവൂ എന്നറിയാവുന്ന സീറ്റുകൾ പലതും ഞങ്ങൾക്ക് ത്യജിക്കേണ്ടിവന്നു’- അദ്ദേഹം പറഞ്ഞു.

‘ജമ്മു, പൂഞ്ച്, രജൗരി എന്നിവിടങ്ങളിലെ താഴ്വാര പ്രദേശങ്ങൾ പോലെ പല സീറ്റുകളിലും കോൺഗ്രസിനും ഞങ്ങൾക്കും ഒരുമിച്ച് നിന്ന് എതിരാളികളെ നേരിടാനാവും. അതുകൊണ്ടാണ് എൻ.സിക്ക് ആധിപത്യമുള്ള സീറ്റുകളിൽ നിന്ന് കുറച്ചെണ്ണം കോൺ​ഗ്രസിന് നൽകിയത്’- അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ കോൺഗ്രസ് നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അധ്യക്ഷനുമായ ഗുലാം നബി ആസാദ് തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കായി പ്രചാരണത്തിനില്ലെന്ന് പ്രഖ്യാപിച്ചത് ഈ സഖ്യത്തിൻ്റെ ആദ്യ അനന്തരഫലമാണെന്ന് ഒമർ അബ്ദുല്ല പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡി.പി.എ.പി സ്ഥാനാർഥികൾക്കായി പ്രചാരണത്തിനില്ലെന്ന് ആസാദ് വ്യക്തമാക്കിയത്.

90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൻ.സി 51 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും മത്സരിക്കാൻ ധാരണയായിരുന്നു. അഞ്ച് സീറ്റുകളില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമായിരിക്കുമെന്നും കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍ അറിയിച്ചിരുന്നു. സി.പി.എമ്മും പാന്തേഴ്സ് പാർട്ടിയും ഓരോ വീതം സീറ്റുകളിൽ മത്സരിക്കും. 1987നു ശേഷം ആദ്യമായാണ് എൻ.സിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാക്കുന്നത്. സെപ്തംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *