‘അവര്‍ണപക്ഷ എഴുത്തുകാരുടെ വായ് മൂടിക്കെട്ടി സാമൂഹിക അനീതി നിലനിര്‍ത്താന്‍ ശ്രമം’; ടി.എസ് ശ്യാംകുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ്

TS Shyamkumar

തിരുവനന്തപുരം: ഹിന്ദുത്വ ഭീഷണിയില്‍ എഴുത്തുകാരന്‍ ഡോ. ടി.എസ് ശ്യാംകുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ്. ‘മാധ്യമം’ ദിനപത്രത്തില്‍ അദ്ദേഹം എഴുതുന്ന ലേഖന പരമ്പരയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. മനുഷ്യത്വ വിരുദ്ധമായ വര്‍ണാശ്രമ ചിന്തകളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉന്മൂലനം ചെയ്യുകയെന്ന ശ്രീനാരായണീയരുടെ ദൗത്യമാണ് ശ്യാംകുമാറും നിര്‍വഹിക്കുന്നതെന്നും അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.TS Shyamkumar

മനുഷ്യരെ ജാതി-വര്‍ണ വിഭാഗങ്ങളായി വിഭജിച്ച് മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യനെ മനുഷ്യനില്‍നിന്ന് അപരവത്കരിക്കുകയും ദലിത്-പിന്നാക്ക ജനവിഭാഗത്തെ ശ്രേണീകരിച്ച് കീഴാളരാക്കി അടിച്ചമര്‍ത്തുകയും ചെയ്യുന്ന വര്‍ണാശ്രമ-അധര്‍മമാണ് യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്ത് മതസ്പര്‍ധ വളര്‍ത്തുന്നതും കലാപം സൃഷ്ടിക്കുന്നതും. സാമൂഹിക അനീതിയുടെ അടിത്തറയായ വര്‍ണാശ്രമ-അധര്‍മം രാജ്യത്തിന്റെ ഐക്യത്തിനും സാമൂഹിക സമാധാനത്തിനും ഏറ്റവും വലിയ ഭീഷണി ആണ്. വര്‍ണാശ്രമ-അധര്‍മത്തെ സംരക്ഷിച്ചു നിലനിര്‍ത്തുന്ന ‘ഹിന്ദു ഐക്യവേദി’ പോലുള്ള സവര്‍ണ സൃഷ്ടികളായ സംഘടനകളാണ് നമ്മുടെ നാട്ടില്‍ ആസൂത്രിതമായി മതസ്പര്‍ധ വളര്‍ത്തുന്നതും കലാപം സൃഷ്ടിക്കാനും ക്രമസമാധാനം തകര്‍ക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നതും. ഇത്തരം’വര്‍ണാശ്രമ പരിവാര്‍’ സംഘടനകള്‍ക്കെതിരെയാണു ശരിക്കും സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതെന്നും വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ് വാര്‍ത്താകുറിപ്പിന്റെ പൂര്‍ണരൂപം

മനുഷ്യത്വ വിരുദ്ധമായ വര്‍ണാശ്രമ-അധര്‍മ ചിന്തകളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉന്മൂലനം ചെയ്യുകയെന്ന ശ്രീനാരായണീയരുടെ കടമയെ സ്തുത്യര്‍ഹമായ നിര്‍ഹിച്ചകൊണ്ടിരിക്കുന്ന ഡോ. ടി.എസ് ശ്യാംകുമാറിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും അഭിനന്ദനാര്‍ഹമാണെ ശ്രീനാരായണ മാനവധര്‍ം ട്രസ്റ്റ് വിലയിരുത്തി.

മാധ്യമം പത്രത്തില്‍ അദ്ദേഹം എഴുതിയ ‘രാമായണ സ്വരങ്ങള്‍’ എന്ന ലേഖനം, മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ആസൂത്രിത ശ്രമമാണെന്നുമുള്ള ഹിന്ദു ഐക്യവേദിയുടെ പരാതി സത്യവിരുദ്ധവും അനര്‍ഥകരവുമാണ്. മനുഷ്യരെ ജാതി-വര്‍ണ വിഭാഗങ്ങളായി വിഭജിച്ച് മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യനെ മനുഷ്യനില്‍നിന്ന് അപരവത്കരിക്കുകയും ദലിത്-പിന്നാക്ക ജനവിഭാഗത്തെ ശ്രേണീകരിച്ച് കീഴാളരാക്കി അടിച്ചമര്‍ത്തുന്ന വര്‍ണാശ്രമ-അധര്‍മമാണ് യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്ത് മതസ്പര്‍ധ വളര്‍ത്തുന്നതും കലാപം സൃഷ്ടിക്കുന്നതും.

സാമൂഹിക അനീതിയുടെ അടിത്തറയായ വര്‍ണാശ്രമ-അധര്‍മം രാജ്യത്തിന്റെ ഐക്യത്തിനും സാമൂഹിക സമാധാനത്തിനും ഏറ്റവും വലിയ ഭീഷണി ആണ്. എല്ലാ മനുഷ്യരും ഒരു ജാതിയില്‍പ്പെടുന്ന(അതായത് ഒരേ ജന്മരീതിയില്‍ ജനിക്കുന്ന) സഹോദരരാണെന്നുള്ള, കാലത്തിനതീതമായ സത്യം പഠിപ്പിക്കുന്ന ശ്രീനാരായണ മാനവധര്‍മത്തിനു കടകവിരുദ്ധമാണു വര്‍ണാശ്രമ-അധര്‍മം. വര്‍ണാശ്രമ-അധര്‍മത്തെ സംരക്ഷിച്ചു നിലനിര്‍ത്തുന്ന ‘ഹിന്ദു ഐക്യവേദി’ പോലുള്ള സവര്‍ണ സൃഷ്ടികളായ സംഘടനകളാണ് നമ്മുടെ നാട്ടില്‍ ആസൂത്രിതമായി മതസ്പര്‍ധ വളര്‍ത്തുന്നതും കലാപം സൃഷ്ടിക്കാനും ക്രമസമാധാനം തകര്‍ക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നതും. ഇത്തരം’വര്‍ണാശ്രമ പരിവാര്‍’ സംഘടനകള്‍ക്കെതിരെയാണു ശരിക്കും സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടത്.

ഡോ. ടി.എസ് ശ്യാംകുമാറിനെയും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക നീതിക്കു വേണ്ടി ശബ്ദിക്കുന്ന മറ്റ് അവര്‍ണപക്ഷ എഴുത്തുകാരുടെയും വായ് മൂടിക്കെട്ടി, സാമൂഹിക അനീതി നിലനിര്‍ത്താന്‍ ‘വര്‍ണ ഒളിഗാര്‍ക്കി’ ശക്തികള്‍, ഭരണഘടന സംരക്ഷിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരെ പോലും പ്രവര്‍ത്തിച്ച് ‘വര്‍ണ ഒളിഗാര്‍ക്കി’ ആയ വര്‍ണാശ്രമ-അധര്‍മം സംരക്ഷിച്ചു സാമൂഹിക-സാമ്പത്തിക അനീതി നിലനിര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.

ഡോ. ടി.എസ് ശ്യാംകുമാറിനോടും വര്‍ണാശ്രമ -അധര്‍മത്തിനെതിരെ പോരാടുന്ന എല്ലാ ശ്രീനാരായണീയരോടും ഇതര അവര്‍ണപക്ഷ എഴുത്തുകാരോടും മാധ്യമങ്ങളോടും പൂര്‍ണമായ ഐക്യദാര്‍ഢ്യം അറിയിക്കുന്നതിനൊപ്പം ഹിന്ദു ഐക്യവേദി കേരള പൊലീസിനു നല്‍കിയ പരാതി മതസ്പര്‍ധയ്‌ക്കെതിരെയുള്ള പരാതിയല്ല, മറിച്ചു മതദ്വേഷവും ജാതിഭേദവും വളര്‍ത്താനുള്ള ശ്രമം തന്നെയാണെന്ന് പൊതുസമൂഹം തിരിച്ചറിയണെമെന്നും മോഹന്‍ ഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. വി.ആര്‍ ജോഷി, അഡ്വ. ടി.എല്‍ രാജേഷ്, സുദേഷ് എം. രഘു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *