കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്
കണ്ണൂർ: കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് അറ്റൻഡർ തിരിച്ചറിഞ്ഞത്. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. Kannur
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവൻ നഷ്‌ടമാകുമെന്നായിരുന്നു ഡോക്‌ടർമാർ പറഞ്ഞിരുന്നത്. ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞിട്ടും ആരോഗ്യനിലയിൽ മാറ്റമൊന്നും ഉണ്ടാകാതിരുന്നതോടെ ബന്ധുക്കൾ കൂടിയാലോചിച്ച് വെന്റിലേറ്ററിൽ നിന്ന് നീക്കംചെയ്യാൻ തീരുമാനിച്ചു.
തുടർന്ന് ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്ന് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പവിത്രൻ കയ്യിൽ പിടിച്ചെന്നാണ് അറ്റൻഡർ പറയുന്നത്. ഉടൻ തന്നെ അറ്റൻഡർ ഡോക്‌ടർമാരെ വിവരമറിയിച്ചു.
പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എകെജി ആശുപത്രി അധികൃതർ പ്രതികരിച്ചു. പവിത്രൻ മരിച്ചെന്ന വാർത്ത ദിനപത്രങ്ങളിലും വന്നിരുന്നു. നിലവിൽ എകെജി ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.