പിതാവിന്‍റെ കൊലയാളിയെ മകൻ വെടിവെച്ചു കൊന്നു: പ്രതി തോക്കുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
കൊച്ചി: കാലടി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവെച്ചു കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസിനെ അയൽവാസിയായ പോളിയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാൾ അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്ന് വൈകിട്ട് ഏഴിന് കാലടിയുടെ അയ്യമ്പുഴയുടെയും അതിർത്തിയിലെ കോതയി തോട്ടിൽ കുളിക്കുകയായിരുന്ന ജോസിനു നേരെ പോളി വെടിയുത്തിർക്കുകയായിരുന്നു. കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നതെങ്കിലും പ്രതി അയ്യമ്പുഴ സ്റ്റേഷനിലാണ് കീഴടങ്ങിയത്. അയ്യമ്പുഴയിൽ കേസ് രജിസ്റ്റർ ചെയ്ത് ശേഷം കാലടിക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു.
ഏഴു വർഷം മുമ്പ് പോളിയുടെ പിതാവ് കാളാപറമ്പൻ ജോസനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കിലുക്കൻ ജോസ് എന്ന ജോസ്. വഴിയുമായുള്ള അതിർത്തി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കം അടിയാവുകയും പിന്നീട് കപ്പയുടെ കടഭാഗം കൊണ്ട് അടിച്ചതിനെ തുടർന്ന് ജോസ് മരിക്കുകയുമായിരുന്നു കേസിൽ ജോസിനെ ശിക്ഷിച്ചെങ്കിലും ശിക്ഷ കുറവായതിനെ തുടർന്ന് അപ്പീൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വെടിവെപ്പ് നടത്തിയത്.
ഡബിൾ ബാരൽ ഗൺ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടുപോകുന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പോളി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മറ്റും. ഇയാൾ മുൻ സൈനികനാണ്.
