മരണത്തിന് മുമ്പുള്ള കുറിപ്പ് കണ്ടെത്തി; അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് നിഗമനം

അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്

കാസർകോട്: ബേനൂരിൽ മരിച്ച അഞ്ജുശ്രീ സ്വയം ജീവനൊടുക്കിയതെന്ന് നിഗമനം. അഞ്ജുശ്രീയുടെ മരണത്തിന് മുമ്പുള്ള കുറിപ്പ് കണ്ടെത്തി. വിഷം കഴിച്ച് മരിക്കാനുള്ള മാർഗങ്ങൾ അനുശ്രീ ഫോണിൽ സെർച്ച് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. അഞ്ജുശ്രീയുടെ ഫോൺ പൊലീസ് പരിശോധിക്കുകയാണ്.

ഭക്ഷ്യവിഷബാധയാണ് അഞ്ജു ശ്രീയുടെ മരണത്തിന് കാരണമായതെന്ന തരത്തിൽ നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. മരണകാരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിഷാംശം എത്രത്തോളം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി രാസപരിശോധന നടത്തേണ്ടതുണ്ട്. മൃതദേഹം രാസ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. അതിന്റെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം അഞ്ജുശ്രീ സ്വയം ജീവനൊടുക്കിയതാണെന്ന കാര്യം കുടുംബത്തിനറിയാമായിരുന്നുവെന്നും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നുവെന്നും പൊലീസിന് സംശയമുണ്ട്. പെൺകുട്ടിയുടെ മരണം സംബന്ധിച്ച് കുടുംബം തന്നെയാണ് പരാതി നൽകിയത്. ഭക്ഷ്യവിഷബാധയേറ്റാണ് പെൺകുട്ടി മരിച്ചതെന്ന് കുടുംബം പരാതിയിൽ പരാമർശിച്ചിരുന്നു. അഞ്ജുശ്രീ സ്വയം ജീവനൊടുക്കിയതാണെന്ന കാര്യം പുറത്തറിയാതിരിക്കാൻ വേണ്ടിയാണ് കുടുംബം തന്ത്രപരമായി നീങ്ങിയതെന്നും പൊലീസിന് സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *