യെമൻ തീരത്ത് യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം
സന: യെമൻ തീരത്ത് യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം. വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണും മിസൈൽവേധ സംവിധാനമുള്ള രണ്ട് കപ്പലുകൾക്കും നേരെയാണ് മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണം പെന്റഗൺ സ്ഥിരീകരിച്ചു.
ബാബുൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎസ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായെന്നും യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അത് ഫലപ്രദമായി പ്രതിരോധിച്ചെന്നും പെന്റഗൺ വക്താവ് മേജർ ജനറൽ പാട്രിക്ക് റൈഡർ പറഞ്ഞു.
യുഎസ് മിസൈൽവേധ സംവിധാനത്തിന് നേരെയും ആക്രമണമുണ്ടായി. യുഎസ്എസ് സ്റ്റോക്ക്‌ഡേൽ, യുഎസ്എസ് സ്പ്രുൻസ് എന്നിവക്ക് നേരെയാണ് ആക്രമണമുണ്ടായത്. എട്ട് ഡ്രോൺ ആക്രമണങ്ങളും അഞ്ച് ബാലിസ്റ്റിക് മിസൈൽ ആക്രമണവും മൂന്ന് ക്രൂയിസ് മിസൈൽ ആക്രമണവുമാണ് ഉണ്ടായതെന്ന് റൈഡർ പറഞ്ഞു. എല്ലാ ആക്രമണങ്ങളും ഫലപ്രദമായി പ്രതിരോധിച്ചെന്നും ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.