ബോഡി ബിൽഡേഴ്സിനെ പൊലീസിൽ ചേർക്കാൻ വീണ്ടും നീക്കം; രഹസ്യ പരീക്ഷക്ക് ഡി.ജി.പി ഉത്തരവെന്ന് റിപ്പോർട്ട്



തിരുവനന്തപുരം: മുമ്പ്​ വിവാദമായ ശരീര സൗന്ദര്യ മത്സര താരങ്ങളെ പൊലീസിലെടുക്കാൻ വീണ്ടും വഴിവിട്ട നീക്കം. അതിനായി രഹസ്യ പരീക്ഷ നടത്താൻ നീക്കമെന്ന വിവരമാണ്​ പുറത്തുവരുന്നത്​.

കണ്ണൂർ സ്വദേശികളായ ചിത്തരേഷ് നടേഷൻ, ഷിനു ചൊവ്വ എന്നിവർക്കായി വീണ്ടും പരീക്ഷ നടത്താനുള്ള ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. സി.പി.എം ബന്ധമാണ്​ ഇതിന്​ പിന്നിലെന്ന് ആക്ഷേപമുണ്ട്​. തങ്ങൾക്ക്​ ഒരിക്കൽ കൂടി ശാരീരിക ക്ഷമത പരീക്ഷക്ക് അവസരമൊരുക്കണമെന്ന ആവശ്യവുമായി താരങ്ങൾ മുഖ്യമന്ത്രിക്ക്​ നിവേദനം സമർപ്പിച്ചിരുന്നു. അതിന്​ പിന്നാലയാണ്​ രഹസ്യ പരീക്ഷക്ക് ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് വിവരം​.

നേരത്തെ​ ഇവരുടെ നിയമനത്തിനായി നടത്തിയ ശ്രമങ്ങൾ ഏറെ ​ വിവാദമായിരുന്നു. മുൻ ഡി.ജി.പിയുടെ എതിർപ്പ് മറികടന്നാണ്​ ഇവരെ എസ്.ഐ തസ്തികയിൽ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്​.

പൊലീസിലെ സ്​പോർട്സ് ക്വാട്ട നിയമനത്തിൽ ഇതുവരെ ശരീര സൗന്ദര്യ മത്സര താരങ്ങളെ എടുത്തിരുന്നില്ല. അതിൽ മാറ്റംവരുത്തിയും മാനദണ്ഡങ്ങൾക്ക്​ വിരുദ്ധമായുമാണ്​ ​നീക്കം നടന്നത്​. അതിനായി കായികക്ഷമത പരീക്ഷയും നടത്തി. എന്നാൽ, പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റു. ചിത്തരേഷ് പങ്കെടുത്തതുമില്ല. സ്പോർട്​സ്​ ക്വാട്ട നിയമനത്തിന്​ അർഹരായ പലരും പുറത്തുനിൽക്കുമ്പോൾ രാഷ്ട്രീയ താൽപര്യം മാത്രം വെച്ചുള്ള നിയമനനീക്കമാണ്​ നടക്കുന്നതെന്നാണ് ആക്ഷേപം​.