28.5 ലിറ്റർ ചാരായവുമായി അരീക്കോട് സ്വദേശി പിടിയിൽ

മഞ്ചേരി: 28.5 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. അരീക്കോട് കല്ലരട്ടിക്കൽ തിരുത്തിയിൽ കുന്നത്തൊടി വീട്ടിൽ മെഹബൂബിനെയാണ് (48) പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇയാളുടെ വീട്ടുമുറ്റത്ത് കന്നാസുകളിലും പ്ലാസ്റ്റിക് കുപ്പികളിലും ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ചാരായം. പുതുവത്സര വിപണി ലക്ഷ്യമാക്കി വിൽപന നടത്താൻ സൂക്ഷിച്ച ചാരായമാണ് പിടികൂടിയത്.
മഞ്ചേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ വി.നൗഷാദിന്‍റെ നേതൃത്വത്തിൽ ന്യൂ ഇയർ -ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായാണ് മഞ്ചേരി എക്സൈസും അരീക്കോട് പൊലീസും സംയുക്തമായി പരിശോധന നടത്തിയത്. മെഹബൂബിനെ മുമ്പും സമാന കേസിൽ മഞ്ചേരി എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും വിൽപന നടത്തുന്നതിനിടെയാണ് ഇയാളെ എക്സൈസും പൊലീസും ചേർന്ന് പിടികൂടിയത്.
ലഹരി ഉപയോഗത്തിനും വിൽപനക്കുമെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മഞ്ചേരി എക്സൈസ് ഇൻസ്പെക്ടറും അരീക്കോട് പൊലീസും അറിയിച്ചു. അരീക്കോട് പൊലീസ് സബ് ഇൻസ്പെക്ടർമാരായ വി. രേഖ, കെ. സുരേഷ് ബാബു, എക്സൈസ് പ്രിവന്‍റീവ് ഓഫിസർമാരായ ജി. അഭിലാഷ്, രാജൻ നെല്ലിയായി, സിവിൽ എക്സൈസ് ഓഫിസർ ടി.സുനീർ, സിവിൽ പൊലീസ് ഓഫിസർ വിപിൻ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ എം. ഉണ്ണികൃഷ്ണൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പൊന്നാനി മുനിസിഫ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
