ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളുമായി അർജന്‍റീന, മാറ്റമില്ലാതെ സ്പെയിൻ; ലോകകപ്പ് ഫൈനൽ ആവേശത്തിന് കിക്കോഫ് ഉടൻ…

ന്യൂയോർക്ക്: കിരീടം നിലനിർത്താൻ ഉറച്ചെത്തിയ അർജന്റീനയും ആധുനിക ഫുട്ബാളിന്റെ വന്യമായ സൗന്ദര്യവുമായി മൈതാനത്ത് വിസ്മയം തീർക്കുന്ന സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി.

അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് കലാശപ്പോര്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. ഇംഗ്ലണ്ടിനെതിരെ സെമി ഫൈനൽ കളിച്ച ടീമിൽ അമ്പരപ്പിക്കുന്ന മൂന്നു മാറ്റങ്ങളുമായാണ് പരിശീലകൻ ലയണൽ സ്കലോണി അർജന്‍റീനയെ കളത്തിലിറക്കുന്നത്. മാധ്യനിരയിൽ റോഡ്രിഗോ ഡീ പോളും നിക്കോ ഗോൺസാലസും പ്രതിരോധത്തിൽ ഗോൺസാലോ മോണ്ടിയേലും ആദ്യ ഇലവനിൽ ഇടംപിടിച്ചു. പരേഡസും മൊലീനയും ബെഞ്ചിലേക്ക് മാറി. ലമീൻ യമാലിന്‍റെ വിങ്ങിലൂടെയുള്ള നീക്കത്തിന് കൂടി തടയിടാൻ ലക്ഷ്യമിട്ടാണ് ഗോൺസാലാസ് ആദ്യ ഇലവനിലെത്തിയത്.

സെമി ഫൈനലിൽ ഫ്രാൻസിനെതിരെ കളിച്ച ഇലവനെ തന്നെയാണ് ഫൈനലിലും സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെ നിലനിർത്തിയത്. ഇരു ടീമുകളും സ്റ്റേഡിയത്തിലെത്തി. കലാശപ്പോരിൽ ഒരു വശത്ത് ഇതിഹാസ താരം ലയണൽ മെസ്സിയുടെ മാന്ത്രികതയും, മറുവശത്ത് സ്പെയിനിന്റെ സംഘടിതമായ പോരാട്ടവീര്യവും നേർക്കുനേർ വരുമ്പോൾ തീപാറുമെന്ന് ഉറപ്പ്. ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചതോടെ മെസ്സി ഒരു അപൂർവ റെക്കോഡും സ്വന്തമാക്കി.

മൂന്നു ഫൈനലുകളിൽ ആദ്യ ഇലവനിൽ ഇടംപിടിക്കുന്ന ആദ്യ താരമായി മെസ്സി. 39കാരനായ മെസ്സിയും 19കാരനായ ലമീൻ യമാലും നേർക്കുനേർ വരുന്നെന്ന പ്രത്യേകതയും ഫൈനലിനുണ്ട്. ഒരു വശത്ത് ഇതിഹാസ നായകന്റെ രാജകീയ വിടവാങ്ങലും, മറുവശത്ത് കാൽപന്ത് ലോകത്തിന്റെ ഭാവി തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കാൻ ഇറങ്ങുന്ന യുവ സ്പാനിഷ് പടയും. ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ പുൽത്തകിടിയിൽ ആര് കിരീടം ചൂടുമെന്നറിയാൻ ലോകം കാത്തിരിക്കുകയാണ്.

ഗോളടിച്ചു കുതിക്കുന്ന മെസ്സിയാണ് തന്നെ അർജന്റീനയുടെ കരുത്ത്. നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും അവസാന മിനിറ്റിലെ പിടച്ചലിൽ അർജന്റീന ഗോളടിച്ചു ജയിക്കുമ്പോൾ ലയണൽ മെസ്സി കപ്പിത്താനായി. മെസ്സിയുടെ പരിചയവും പ്രതിഭയും തന്നെ ടീമിന്റെ കരുത്ത്. ഒപ്പം, വിജയത്തിനായി ഏതറ്റം വരെ പോരാടാൻ ശേഷിയുള്ള ഒരുപിടി താരങ്ങളും. മധ്യനിരയിൽ എൻസോ, മക് അലിസ്റ്റർ, പരെഡസ് ത്രിമൂർത്തികൾ മെസ്സി-മാർട്ടിനസ്-അൽവാരസ് മുന്നേറ്റത്തിലേക്ക് ഇടതടവില്ലാതെ പന്തെത്തിക്കുകയെന്ന ജോലി തുടരും. പ്രതിരോധത്തിൽ റൊമീറോ, ലിസാദ്രോ മാർട്ടിനസ് എന്നിവർക്കൊപ്പം ചോരാത്ത കൈകളുമായി എമിലിയാനോ മാർട്ടിനസും ഇറങ്ങുന്നതോടെ അർജന്റീനയുടെ ചാമ്പ്യൻ പട സജ്ജം.

മറുവശത്ത് പരിക്ക് മാറിയ യമാൽ ഫോമിലേക്കുയർന്നു കഴിഞ്ഞു. നികോ വില്യംസ് ഏറെയും പകരക്കാരനായാണ് എത്തുന്നത്. മധ്യനിരയിലെ സൂപ്പർ ഇംപാക്ട് റോഡ്രിയും, ഫാബിയാൻ റൂയിസും ടീമിന്റെ വിജയരഹസ്യമായി മാറുന്നു. ടൂർണമെന്റിൽ ഒരു ഗോൾ മാത്രം വഴങ്ങിയെന്നത് പ്രതിരോധ കരുത്തിന്റെ അടയാളമാവുന്നു. ഗോൾ കീപ്പർ ഉനായ് സിമോണും മിന്നുന്ന ഫോമിൽ. കുറിയ പാസിൽ കോർത്തെടുക്കുന്ന ‘ടികി ടാക’യിലൂടെ എതിർ ഗോൾമുഖങ്ങൾ പിളർത്തി കുതിച്ച സ്പാനിഷ് പടയോട്ടം ഫ്രാൻസിനെതിരെ വരെ വിജയം കണ്ടു. ഇനി ഫൈനലിൽ എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.