ഷിരൂരില്‍ തര്‍ക്കവും മര്‍ദനവും; രഞ്ജിത്ത് ഇസ്രയേലിനെ മര്‍ദിച്ചതായി പരാതി; മലയാളികളോട് പൊലീസ് പോകാന്‍ ആവശ്യപ്പെട്ടെന്ന് മനാഫ്
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരോട് കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്ന് ഗുരുതര ആരോപണം. രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേലിനെ പൊലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്.
ഷിരൂരില്‍ തര്‍ക്കവും മര്‍ദനവും നടന്നെന്നാണ് റിപ്പോര്‍ട്ട്. മലയാളികളോട് ഈ സ്ഥലത്തുനിന്ന് പോകാന്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെടുന്നതായി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് പറഞ്ഞു. ദൗത്യത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പൊലീസ് തങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും പൊലീസ് അനാവശ്യമായി ഇടപെടുകയാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ലോഹ സാന്നിധ്യത്തിന്റെ സിഗ്‌നല്‍ ലഭിച്ചെന്ന് വിവരം ലഭിച്ചതിനാല്‍ തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. ലോറിയെന്ന സംശയത്തില്‍ മണ്ണ് നീക്കി പരിശോധന നടക്കുന്നു. എട്ട് മീറ്റര്‍ താഴ്ച്ചയില്‍ മെറ്റല്‍ സാന്നിധ്യമെന്നാണ് സൂചന. ഒരിടത്ത് കൂടി സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. 8 മീറ്റര്‍ വരെ പരിശോധന നടത്താനാകുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചത്. സൈന്യത്തിന്റെ റഡാര്‍ സംവിധാനം ഇതുവരെ എത്തിയിട്ടില്ല. ഇന്നലെ റഡാര്‍ സിഗ്‌നലുകള്‍ ലഭിച്ചയിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായില്ല.