വീട്ടുമുറ്റത്ത് അർജുന് നിത്യനിദ്ര; കണ്ണീർപ്പൂക്കളർപ്പിച്ച് കേരളം
കോഴിക്കോട്: കേരളത്തിന്റെ മൊത്തം ഹൃദയനൊമ്പരമായി മാറിയ അർജുന് ഒടുവിൽ നാട് കണ്ണീരോടെ വിടചൊല്ലി. ഉറ്റവരുടെയും ഉടയവരുടെയും നാടിന്റെ നാനാദിക്കുകളിൽനിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങളുടെയും മുന്നിൽ 30കാരന്റെ ഭൗതികദേഹത്തെ തീനാളങ്ങേറ്റുവാങ്ങി. സ്വന്തമായി പണിതുണ്ടാക്കിയ വീടിന്റെ തൊട്ടുചാരത്തായി ഇനി അർജുന് നിത്യനിദ്ര.
രാവിലെ ഒൻപതു മണിയോടെ കോഴിക്കോട് കണ്ണാടിക്കല്‍ വീട്ടുമുറ്റത്തെത്തിയ മൃതദേഹം 11 മണിവരെ പൊതുദർശനത്തിനു വച്ചു. തുടർന്നാണ് അന്ത്യകർമങ്ങൾക്കായി എടുത്തത്. ഐവർമഠത്തിൽനിന്നുള്ള പരികര്‍മികളാണ് സംസ്കാര ചടങ്ങുകൾക്കു നേതൃത്വം നൽകി. സഹോദരന് അഭിജിത്തും സഹോദരീ ഭര്‍ത്താവ് ജിതിനും ചേര്‍ന്ന് ചിതയില്‍ തീകൊളുത്തി. അവസാന നിമിഷത്തെ കാഴ്ചകള്‍ കണ്ട് മൂന്നു വയസുള്ള മകൻ അയാൻ ആർത്തുകരയുന്ന രംഗം കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്നതായിരുന്നു.
ഇന്നലെ ഉച്ചയോടെ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ സഹോദരനും സഹോദരീ ഭർത്താവും ചേർന്ന് കാർവാർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അർജുന്റെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്നു വൈകീട്ടോടെയാണ് കാർവാറിൽനിന്ന് മൃതദേഹവുമായി ആംബുലൻസ് നാട്ടിലേക്കു പുറപ്പെട്ടത്. ഷിരൂരിലെ തിരച്ചിലിനു നേതൃത്വം നൽകിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് തുടങ്ങിയവർ യാത്രയിലുടനീളം അനുഗമിച്ചു. ഉഡുപ്പിയിൽനിന്ന് ഈശ്വർ മാൽപെയും ചേർന്നു. പുലർച്ചെ രണ്ടു മണിയോടെ കാസർകോട് ബസ് സ്റ്റാൻഡിൽ ജനക്കൂട്ടം ആദരമർപ്പിച്ചു.
ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് ആംബുലൻസ് കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ എത്തിയത്. ഇവിടെ മന്ത്രി എ.കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ്, കെ.കെ രമ എംഎൽഎ തുടങ്ങിയവർ അഴിയൂരിൽ എത്തിയിരുന്നു.
പൂളാടിക്കുന്ന് ബൈപ്പാസ് വരെ സമയം പാലിച്ചെത്തിയ യാത്ര ആൾക്കൂട്ടത്തിന്റെ തിരക്കേറിയതോടെ മന്ദഗതിയിലായി. പാതയോരങ്ങളിൽ ഇരുവശത്തുമായി തടിച്ചുകൂടിയ ജനക്കൂട്ടത്തിനു നടുവിലൂടെ 8.10ഓടെ കണ്ണാടിക്കൽ ബസാറിലെത്തി. തുടർന്ന് ഇവിടെനിന്ന് കാൽനടയായി വീട്ടിലേക്ക് വിലാപയാത്ര ആരംഭിച്ചു. ഒടുവിൽ 9.05ഓടെ അർജുന്റെ മൃതദേഹവുമായി ആംബുലൻസ് വീട്ടുവളപ്പിൽ പ്രവേശിച്ചു. അർജുന്റെ യാത്ര അങ്ങനെ വീട്ടുമുറ്റത്ത് തന്നെ അവസാനിച്ചു.
സെപ്റ്റംബർ 25ന് ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തിയ ലോറിയിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ലോറി ദേശീയപാതയുടെ അരികിലേക്ക് കയറ്റി. ലോറിയുടെ കാബിൻ പൊളിച്ചുമാറ്റി. കാബിനിൽനിന്ന് അർജുന്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവുമെല്ലാം കണ്ടെത്തിയിരുന്നു.