കലാ കായിക വിനോദങ്ങള്‍ കുട്ടികളെ സ്ക്രീന്‍ ടൈമില്‍ നിന്ന് മോചിപ്പിക്കും- റവാഡ ആസാദ് ചന്ദ്ര ശേഖര്‍

തിരുവനന്തപുരം: കുട്ടികളുടെ ജീവിതത്തിൽ വർധിച്ചുവരുന്ന ‘സ്ക്രീൻ ടൈം’ കുറയ്ക്കാൻ കലാ-കായിക വിനോദങ്ങൾക്ക് സാധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പറഞ്ഞു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കേരള പൊലീസ് ‘കിഡ് ഗ്ലോവ്’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ ലോകത്തിന്റെ അമിതമായ സ്വാധീനത്തിൽ നിന്നും കുട്ടികളെ മോചിപ്പിച്ച്, മാനസികവും ശാരീരികവുമായ വളർച്ച ഉറപ്പുവരുത്താൻ കായിക മത്സരങ്ങൾ ഏറെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ ലോകത്തെ അവസരങ്ങൾ സുരക്ഷിതമായി ഉപയോഗപ്പെടുത്താനും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും കുട്ടികളെ പ്രാപ്തരാക്കുന്ന കേരള പോലീസിന്റെ ബോധവൽക്കരണ പദ്ധതിയാണ് ‘കിഡ് ഗ്ലോവ്’. പൊലീസ് സൈബർ ഡിവിഷനും തിരുവനന്തപുരം ജില്ല ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങ് ഡി.ഐ.ജിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ ഡോ. അരുൾ ആർ.ബി. കൃഷ്ണ നിർവഹിച്ചു. സമാപനച്ചടങ്ങിൽ ഡി.ജി.പിയും വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം, സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് യോഗേഷ് മന്ദയ്യ, വനിതാ ബറ്റാലിയൻ കമാൻഡന്റ് അഞ്ജലി ഭാവന, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.കെ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. എസ്.ബി.ഐ ലൈഫ്, ഡെക്കാത്തലോൺ എന്നിവരായിരുന്നു വിജയികൾക്കുള്ള പുരസ്കാരങ്ങൾ സ്പോൺസർ ചെയ്തത്.
