‘ആശാ വര്‍ക്കര്‍മാര്‍ ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കണം’; മുന്നറിയിപ്പുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ നേരിടാൻ നടപടിയുമായി സർക്കാർ. ആശമാർ ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് നിർദേശം നൽകി. ഏതെങ്കിലും പ്രദേശത്ത് ആശാ വർക്കർ തിരിച്ചെത്തിയില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. പകരം സംവിധാനം ഏർപ്പെടുത്താൻ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കണമെന്നും നിർദേശം.
Also Read: ആശമാരുടെ സമരം; അരാജക സംഘടനകളുടെ സമര നാടകമെന്ന് സിപിഎം
ജനങ്ങൾക്ക് ആരോഗ്യസേവനം ലഭിക്കുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർമാർ ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവർത്തകരെ ആശമാർക്ക് പകരം ഉപയോഗിക്കാം. ഇവർക്ക് ഇൻസെന്‍റീവ് നൽകാനുള്ള ഉത്തരവ് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ പിന്നീട് ഇറക്കും. ആശാവർക്കർമാരുടെ സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കടുത്ത നടപടികളിലേക്ക് നടക്കുന്നത്.
എന്നാൽ ഇത് തള്ളിയ ആശമാർ തങ്ങൾ സർക്കാരിനാണ് അന്ത്യശാസനം നൽകേണ്ടതെന്ന് പറഞ്ഞു. സമരം എത്രയും പെട്ടെന്ന് തീർക്കണം. അതിനാണ് സർക്കാർ തയാറാവേണ്ടത്. വഴിയെ പോകുന്നവരെ വിളിച്ച് ആരോഗ്യപ്രവർത്തനം നടത്താൻ കഴിയില്ല. ഉത്തരവ് നിയമ വിരുദ്ധമാണെന്നും സമരക്കാർ വ്യക്തമാക്കി.
Also Read: ലത്തീഫിന്റെ ശരീരത്തിൽ 20ലേറെ മുറിവ്; അഫ്സാൻ്റെ തലയ്ക്ക് ചുറ്റും മുറിവുകൾ;
അതേസമയം സമരം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. സമരത്തെ ഇന്നലെ സിപിഎം വീണ്ടും തള്ളിയതോടെ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടന്ന സർക്കാർ നിലപാടാണ് വ്യക്തമായത്. സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത ഇനിയും തുറന്നിട്ടില്ലാത്ത പശ്ചാത്തലത്തിൽ സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.
ഈ മാസം 27ന് മലപ്പുറം ആലപ്പുഴ ജില്ലകളിലും 28 കോഴിക്കോട് ജില്ലയിലും സമരം നടത്തും. വേതനം നിലവിലുള്ള 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാർ സമരം നടത്തുന്നത്.