ആസ്തി 5700 കോടി; കേന്ദ്ര മന്ത്രിയാകാനൊരുങ്ങി ഏറ്റവും ധനികനായ എംപി
ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയുടെ ഭാഗമാകാനൊരുങ്ങി ലോക്സഭയിലെ ഏറ്റവും ധനികനായ എംപി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രശേഖർ പെമ്മസാനിയാണ് രാജ്യത്തെ ഏറ്റവും ധനികനായ എംപി. മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്.Richest MP
കേന്ദ്രമന്ത്രിസഭയിൽ പെമ്മസാനി സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ടിഡിപി നേതാവ് ജയദേവ് ഗല്ല അറിയിച്ചത്. ഭരണകക്ഷിയായ എൻഡിഎയുടെ പ്രധാന സഖ്യകക്ഷിയാണ് ടിഡിപി.
ഡോക്ടറായ പെമ്മസാനിക്ക് 5,705 കോടി രൂപയുടെ ആസ്തിയാണുള്ളത്. രാഷ്ട്രീയ പ്രവേശനത്തിന് വളരെ മുമ്പുതന്നെ അദ്ദേഹത്തിൻ്റെ കുടുംബം പതിറ്റാണ്ടുകളായി ടിഡിപിയെ പിന്തുണയ്ക്കുന്നവരാണ്. പ്രമുഖ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമായ യുവേൾഡിന്റെ സ്ഥാപകനാണ് അദ്ദേഹം.
1999ൽ ഡോ എൻടിആർ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്ന് എംബിബിഎസ് നേടിയ ഡോ. ചന്ദ്ര ശേഖർ 2005-ൽ യുഎസിലെ പെൻസിൽവാനിയയിലുള്ള ഗെയ്‌സിംഗർ മെഡിക്കൽ സെൻ്ററിൽ നിന്ന് ഇൻ്റേണൽ മെഡിസിനിൽ എംഡി പൂർത്തിയാക്കി.