ബോക്‌സിങ് ഡേ ടെസ്റ്റിൽ തന്ത്രം മാറ്റി പരീക്ഷിക്കാൻ ഓസീസ്; ഓപ്പണിങ് റോളിൽ നിർണായക മാറ്റം
ബ്രിസ്‌ബെയിൻ: ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ആസ്‌ത്രേലിയ. നാലാം ടെസ്റ്റ് തുടങ്ങാൻ ആറ് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ടീം പ്രഖ്യാപനം. കഴിഞ്ഞ മൂന്ന് മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ നഥാൻ മക്‌സ്വീനിയെ സ്‌ക്വാർഡിൽ നിന്ന് ഒഴിവാക്കിയപ്പോൾ പകരം 19കാരൻ സാം കോൺസ്റ്റാസിനെ സീനിയർ ടീമിലേക്ക് തിരിച്ചു വിളിച്ചു. പരിക്കേറ്റ ജോഷ് ഹേസൽവുഡിനെ അവസാന രണ്ട് ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയപ്പോൾ പകരം പേസർ ജേ റിച്ചാർഡ്‌സണെ ടീമിൽ ഉൾപ്പെടുത്തി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഡിസംബർ 26നാണ് മത്സരം. അതേസമയം, മത്സരത്തിന് തൊട്ടുമുൻപ് മാത്രമാണ് ഇന്ത്യ ടീം പ്രഖ്യാപിക്കുകBoxing Day
കഴിഞ്ഞ മൂന്ന് മാച്ചിൽ പ്രതീക്ഷക്കൊത്തുയരാത്തതോടെയാണ് നഥാൻ മക്‌സ്വീനിക്ക് ടീമിലെ സ്ഥാനം തെറിച്ചത്. ഇന്ത്യക്കെതിരായ പിങ്ക്‌ബോൾ സന്നാഹ മത്സരത്തിൽ ഓസീസ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുവേണ്ടി കളിച്ചിരുന്ന കൗമാര താരം സാം കോൺസ്റ്റ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാതിരുന്ന ഓപ്പണർ ഉസ്മാൻ ഖവാജെയെ നിലനിർത്താൻ ആതിഥേയർ തീരുമാനിക്കുകയായിരുന്നു. മോശം ഫോമിലായിരുന്ന സ്റ്റീവൻ സ്മിത്ത് സെഞ്ച്വറിയുമായി മടങ്ങിയെത്തിയതും കങ്കാരുപടക്ക് ആശ്വാസം നൽകുന്നതാണ്.
നേരത്തെ അഡ്‌ലെയ്ഡ് ടെസ്റ്റിൽ പരിക്കുകാരണം ജോഷ് ഹേസൽവുഡ് കളിച്ചിരുന്നില്ല. പകരം സ്‌കോട്ട് ബോളണ്ടായിരുന്നു അവസാന ഇലവനിലെത്തിയത്. ഇതോടെ എം.സി.ജെയിലും ബോളണ്ട് ടീമിലെത്തുമെന്നാണ് സൂചന. രവിചന്ദ്രൻ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചതോടെ അടുത്ത ടെസ്റ്റിൽ രവീന്ദ്ര ജഡേജ തന്നെയാകും സ്പിന്നറുടെ റോളിൽ ഇന്ത്യക്കായി കളിക്കുക. ജഡേജയെ ഒഴിവാക്കുകയാണെങ്കിൽ വാഷിങ്ടൺ സുന്ദറിന് അവസരമൊരുങ്ങും.
ഓസ്‌ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് ക്യാരി, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, ഷോൺ ആബട്ട്, സ്‌കോട് ബോളാണ്ട്, നഥാൻ ലിയോൺ, ജേ റിച്ചാർഡ്‌സൺ, ബ്യൂ വെബ്സ്റ്റർ.