ബാബ സിദ്ദീഖി കൊലക്കേസ്: പ്രതികൾക്ക് തോക്ക് നൽകിയയാൾ അറസ്റ്റിൽ
മുംബൈ: എൻസിപി ശരദ്പവാർ വിഭാഗം എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദീഖിയുടെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊലയാളികൾക്ക് തോക്ക് നൽകിയ ഭഗവത് സിങ് ഓം സിങ് (32) ആണ് അറസ്റ്റിലായത്. നവിം മുംബൈയിലെ ആക്രി വ്യാപാരിയായ ഇയാൾ രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയാണ്.Baba Siddiqui
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 26 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇതിൽ മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ നിന്നുള്ള അഞ്ച് പേരും ഉൾപ്പെടുന്നു.
ഒക്ടോബർ 12ന് രാത്രി ഒമ്പതരയോടെ മുംബൈ നിർമൽ നഗറിലെ, മകനും എംഎൽഎയുമായ സീഷൻ സീദ്ദീഖിയുടെ ഓഫീസിനു പുറത്തുവച്ചാണ് ബാബ സിദ്ദീഖിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവയ്ക്കുന്നത്. ഉടൻ മുംബൈ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ കൊലയാളി സംഘത്തിലെ ഗുർമെയിൽ ബൽജിത് സിങ് (23), ധർമരാജ് രാജേഷ് കശ്യപ് (19) എന്നിവരെ പൊലീസ് സംഭവസ്ഥലത്തു നിന്നുതന്നെ പിടികൂടിയിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രധാന പ്രതി ശിവകുമാർ ഗൗതമും കൊലപാതക ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേരും ഒളിവിലാണ്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടൻ സൽമാൻ ഖാനുമായുള്ള ബന്ധമാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇവർ അറിയിച്ചത്. സൽമാൻ ഖാനും നിരവധി തവണ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി ലഭിച്ചിട്ടുണ്ട്.