ബംഗളൂരു ദുരന്തം: കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ നടപടി, ഇന്റലിജന്‍സ് എഡിജിപിക്ക് സ്ഥലം മാറ്റം
ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആര്‍സിബി) ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് എതിരെ നടപടി. പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ. ഗോവിന്ദരാജ് എംഎല്‍സിയെ നീക്കി. വെള്ളിയാഴ്ച അടിയന്തര പ്രാബല്യത്തോടെയാണ് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത്. പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് (ഡിപിഎആര്‍) അണ്ടര്‍ സെക്രട്ടറി എന്‍ആര്‍ ബനാദരംഗയ്യയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഗോവിന്ദരാജിനെ സ്ഥാനത്തുനിന്ന് നീക്കിയ നടപടി ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു.ADGP
ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സ്റ്റേഡിയത്തില്‍ വിജയാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹം എഴുതിയ കത്താണ് നടപടിയിലേക്ക് നയിച്ചതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2023 ജൂണ്‍ ഒന്നിനാണ് ഗോവിന്ദ രാജ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിയമിതനായത്. ദുരന്തത്തില്‍ സംഭവിച്ച ഗുരുതര ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ അഡീ. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഇന്റലിജന്‍സ്) ഹേമന്ത് നിംബാല്‍ക്കറെ വെള്ളിയാഴ്ച സ്ഥലം മാറ്റി. സംഭവത്തെ അതീവ ഗൗരവത്തോടെ കണ്ട സംസ്ഥാന സര്‍ക്കാര്‍ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. രഹസ്യാന്വേഷണ വകുപ്പിലെ വീഴ്ചകളാണ് അപകടത്തിന് കാരണമെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിംബാല്‍ക്കറിന് എതിരായ നടപടി.