ബർമിങ്ങാം ടെസ്റ്റ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്, ഗിൽ ക്രീസിൽ
ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 243-4 എന്ന നിലയിലാണ് സന്ദർശകർ. അർധ സെഞ്ച്വറിയുമായി(65) ശുഭ്മാൻ ഗിൽ രണ്ടാം ഇന്നിങ്‌സിലും മികച്ച ഫോമിൽ ക്രീസിൽ തുടരുന്നു. നാലാം ദിനം അവസാന സെഷനിലെത്തിയപ്പോൾ ഇന്ത്യയുടെ ലീഡ് ഇതുവരെ 430 പിന്നിട്ടു. ജഡേജയാണ്(1) ഗില്ലിനൊപ്പം ക്രീസിലുള്ളത്. അർധ സെഞ്ച്വറി നേടിയ കെഎൽ രാഹുലിന്റെയും(55), ഋഷഭ് പന്തിന്റേയും(65) കരുൺ നായരുടേയും(26) വിക്കറ്റുകളാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമയാത്.Birmingham
ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഋഷഭ് പന്തിനെ(58 പന്തിൽ 65) ഇംഗ്ലീഷ് സ്പിന്നർ ഷൊഹൈബ് ബഷീർ ബെൻ ഡക്കറ്റിന്റെ കൈകളിലെത്തിച്ചു. എട്ട് ഫോറും മൂന്ന് സിക്‌സറും സഹിതമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഫിഫ്റ്റിയടിച്ചത്. നാലാംദിനം പരമാവധി ലീഡുയർത്തി അവസാന ദിനം ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനക്കുകയാണ് ഇന്ത്യയുടെ പദ്ധതി.
കരുൺ നായരെ ബ്രെയ്ഡൻ കാർസും രാഹുലിനെ ജോഷ് ടങുമാണ് മടക്കിയത്. 64-1 എന്ന സ്‌കോറിൽ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് കരുൺ നായരെയാണ് ആദ്യം നഷ്ടമായത്. എന്നാൽ രാഹുലിനേയും ഋഷഭ് പന്തിനേയും ഒപ്പംകൂട്ടി ഗിൽ ഇന്ത്യയുടെ ലീഡുയർത്തി. ഏഴ് ഫോറും രണ്ട് സിക്‌സറും സഹിതമാണ് ഇന്ത്യൻ നായകൻ അർധ സെഞ്ച്വറി പൂർത്തിയായത്. ആദ്യ ഇന്നിങ്‌സിൽ ഡബിൾ സെഞ്ച്വറിയും കുറിച്ചിരുന്നു.