ബി.ജെ.പിയും കൈവിട്ടു, ഒറ്റയ്ക്കായി കങ്കണ; അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് വിവാദത്തിൽ നിന്ന് തലയൂരി
ബി.ജെ.പിയും തള്ളിയതോടെ കാർഷിക ബില്ലുകളിൽ താൻ പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായ നിലപാടെന്ന് വിശദീകരിച്ച് നടിയും എം.പിയുമായ കങ്കണ റണാവഠ്. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് കങ്കണ കുഴപ്പത്തിലായത്. സംഭവത്തിൽ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് കങ്കണയെ പരസ്യമായി തള്ളിപ്പറഞ്ഞത്.
ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ ചുമതലപ്പെടുത്തിയ ആളല്ല കങ്കണയെന്നും അവർ പറഞ്ഞ അഭിപ്രായം തീർത്തും വ്യക്തിപരമാണെന്നും അദ്ദേഹം വാർത്താസമ്മേളനം നടത്തി വിമർശിച്ചു. പിന്നാലെയാണ് കങ്കണ സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട തൻ്റെ പ്രസ്താവനകൾ തീർത്തും വ്യക്തിപരമാണെന്നും അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നിലപാടുമായി ബന്ധപ്പെട്ടതല്ലെന്നും കുറിപ്പിട്ടത്.
ഹിമാചൽ പ്രദേശിലെ മാണ്ടിയിൽ ഇന്നലെ മാധ്യമപ്രവർത്തകരോടാണ് അവർ വിവാദ വിഷയത്തിലെ അഭിപ്രായം പറഞ്ഞത്. തൻ്റെ പ്രസ്താവന വിവാദമാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സംസാരിക്കുന്നതെന്നും മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണം എന്നാണ് തൻ്റെ നിലപാടെന്നും അവർ പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും, കർഷകർ രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്, കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്തത് ചില സംസ്ഥാനത്ത് നിന്നുള്ള ആളുകൾ മാത്രമാണ് തുടങ്ങിയ പരാമർശങ്ങളും അവർ നടത്തിയിരുന്നു. കർഷക സമരം ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തിന് സമാനമായ സ്ഥിതി ഇന്ത്യയിലുണ്ടാക്കാൻ വേണ്ടി സൃഷ്ടിച്ചതാണെന്നും അവർ വിമർശിച്ചിരുന്നു.