‘ഡൽഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവൻ കിട്ടിയത് ബി.ജെ.പിക്ക്’; രേഖകൾ പുറത്തുവിട്ട് എ.എ.പി
ന്യൂഡൽഹി: ഡൽഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവൻ കിട്ടിയത് ബി.ജെ.പിക്കാണെന്ന് ആം ആദ്മി പാർട്ടി. മദ്യനയത്തിന്റെ ഭാഗമായി പണം ആര്, എവിടെ കൊടുത്തുന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. കേസിലെ മാപ്പുസാക്ഷി ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് വഴി നൽകിയതാണ് ഈ പണം വരുന്ന വഴിയെന്നും ബി.ജെ.പിക്ക് പണം ലഭിച്ചതിന്റെ രേഖകൾ പുറത്തുവിട്ട് എ.എ.പി നേതാക്കൾ ആരോപിച്ചു. അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മിക്കും അഴിമതിയിൽ യാതൊരു ബന്ധവുമില്ലെന്നും ശരത് ചന്ദ്ര റെഡ്ഡിയെ മുന്‍നിര്‍ത്തി ബി.ജെ.പി അദ്ദേഹത്തെ കുടുക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നേതാക്കളുടെ വാർത്താസമ്മേളനം. മദ്യനയത്തിന്റെ ഭാഗമായി ആര്, എവിടെയെല്ലാം പണം കൊടുത്തുവെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. കേസിൽ ശരത് റെഡ്ഡിയെ ആദ്യം ചോദ്യംചെയ്യാൻ വിളിപ്പിച്ചു. പിന്നീട് കേസിൽ പ്രതിയാക്കി. ഇപ്പോൾ മാപ്പുസാക്ഷിയുമാക്കിയിരിക്കുകയാണ്. കുറച്ചു ദിവസം ജയിലിൽ കിടന്നപ്പോൾ ശരത് റെഡ്ഡി നിലപാട് മാറ്റിയിരിക്കുകയാണ്. റെഡ്ഡിയെ മുൻനിർത്തി ബി.ജെ.പി കെജ്‌രിവാളിനെ കുടുക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
”ഇലക്ടറൽ ബോണ്ട് ആണ് ഇ.ഡി പറയുന്ന യഥാർഥ മണി ട്രെയിൽ. ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകിയതാണ് ഈ പണം വരുന്ന വഴി. മദ്യനയത്തിലെ അഴിമതിപ്പണം മുഴുവൻ കിട്ടിയത് ബി.ജെ.പിക്കാണ്. പണം എത്തിയത് ബി.ജെ.പി അക്കൗണ്ടിലാണ്. പണം വന്ന വഴിയെ കുറിച്ച് ഇ.ഡി ഒന്നും പറയുന്നില്ല.”
മദ്യനയത്തിലെ പണം ആര് ആർക്ക് നൽകിയെന്നതിൽ കൃത്യതയുണ്ടോ എന്ന് അതിഷി ചോദിച്ചു. മദ്യനയത്തിലെ അഴിമതിപ്പണം മുഴുവൻ കിട്ടിയത് ബി.ജെ.പിക്കാണ്. ശരത് റെഡ്ഡിയും അരോബിന്ദോ ഫാർമയും ചേർന്ന് 59.5 കോടി രൂപ ബി.ജെ.പിയ്ക്ക് ഇലക്ടറൽ ബോണ്ട് വഴി നൽകിയിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയെ ഇ.ഡി ചോദ്യം ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.