മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ കരിങ്കൊടി; സംഘർഷം, മൂന്നു പേർക്ക് പരിക്ക്
മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം. പഴയങ്ങാടി എരിപുരത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചതായാണ് പരാതി.
നവകേരളയുടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി ഇവരെ മർദിക്കുകയായിരുന്നു. പ്രവർത്തകർ പ്രതിഷേധക്കാരെ ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. തുടർന്ന് കൂടുതൽ പേരെത്തി കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകർത്തു.
also read :മരണത്തില്‍ ദുരൂഹത; അരീക്കോട്ട് യുവാവിന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു
ഇതിനിടെ പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലുണ്ടായിരുന്ന എംഎസ്എഫ്-യൂത്ത് കോൺഗ്രസ് പ്രവർൃത്തകർ പുറത്തേക്കിറങ്ങുകയും ഇവരെ സ്റ്റേഷൻ കോംപൗണ്ടിനുള്ളിൽ കയറി ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിക്കുകയും ചെയ്തതായി ആരോപണമുണ്ട്. അക്രമത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.