അൻവറിന്‍റെ DMKയിൽ പൊട്ടിത്തെറി; പാലക്കാട് ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു, സ്വതന്ത്രനായി മത്സരിക്കും
പാലക്കാട് ഡിഎംകെയിലും പിളർപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറി ബി ഷമീർ പാർട്ടി വിട്ടു. പി വി അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടി. ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിനെ തുടർന്നാണ് നടപടി. പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി ബി ഷമീർ മത്സരിക്കും. തന്നോടൊപ്പം 100 പ്രവർത്തകർ പാർട്ടി വിടുമെന്നും ബി ഷമീര്‍ പറഞ്ഞു.
Also Read: പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടൽ? കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു
അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാർട്ടിക്കായി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു. തന്നെ അറിയില്ലെന്ന് അൻവറിന് പറയാൻ കഴിയില്ല. അൻവറിന്‍റെ കൺവെൻഷനിൽ നന്ദി പറഞ്ഞത് താനാണ്. പാർട്ടി രൂപീകരിച്ചത് മുതൽ ജില്ലാ ഭാരവാഹിയാണ്.
അതേസമയം, ഷമീറിനെ തള്ളി അൻവര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും പിവി അൻവര്‍ പറഞ്ഞു.പാര്‍ട്ടിയിലെ പൊട്ടിത്തെറിക്കിടെ പി വി അൻവര്‍, മുൻ ഇടത് എം എൽ എ കാരാട്ടും റസാഖുമായി കൂടിക്കാഴ്ച നടത്തി.