പുസ്തകവിവാദം: പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്ത് ഡിസി ബുക്‌സ്

Book controversy: DC Books suspends head of publications department

 

പുസ്തകവിവാദത്തിൽ ഡിസി ബുക്‌സിൽ അച്ചടക്ക നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിനെ സസ്‌പെൻഡ് ചെയ്താണ് നടപടി. ഡി.സി രവിയുടെ മൊഴി രേഖപ്പെടുത്തിയെന്ന വാർത്തയിൽ വിശദീകരണവുമായി ഡിസി ബുക്‌സ് രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. മൊഴിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. നടപടിക്രമങ്ങൾ പാലിച്ച് മാത്രമെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളു. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമെന്നും ഡിസി ബുക്‌സ് കൂട്ടിച്ചേർത്തു.

പുസ്തക വിവാദത്തിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ നൽകിയ പരാതിയിലാണ് രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തിയത്. കോട്ടയം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.

പുസ്തക വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തിരുന്നത്. ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ പുറത്തുവന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് പൊലീസ് നടപടി. ജയരാജന്റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും ഇ.പി ജയരാജൻ തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പുസ്തകം പുറത്തുപോയതുൾപ്പെടെയുള്ള സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിലാണിപ്പോൾ മൊഴിയെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *