നവജാത ശിശുവിനെ വിറ്റെന്ന കേസിൽ വഴിത്തിരിവ്; കുഞ്ഞിനെ കൊലപ്പെടുത്തി, അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ
ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ആശയുടെ സുഹൃത്ത് രതീഷിന്റെ വീട്ടിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇവർ മൊഴിനൽകി. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ ആശ, ഓഗസ്റ്റ് 31നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പൊലീസിലും വിവരമറിയിച്ചത്.
ആശാവര്‍ക്കര്‍ക്കര്‍ ചോദിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. ഇതിൽ സംശയം തോന്നിയ ആശാവർക്കർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനകൾക്കൊടുവിൽ യുവതി സ്വയം കുറ്റസമ്മതം നടത്തുകയായിരുന്നു.
അതേസമയം എന്തിന് വേണ്ടി കൊലപാതകം നടത്തി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. പിടിയിലായ രതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഭാര്യ ചേർത്തലയിൽ പൂക്കട നടത്തുകയാണ്. ആശയുടെ ഭർത്താവിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം കുഞ്ഞിനെ വിറ്റെന്നാണ് അമ്മ പറയുന്നത്.