പിങ്ക് പര്‍ദയില്‍ തെരുവിലൂടെ നടക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍; ചിത്രത്തിനു പിന്നിലെ യാഥാര്‍ഥ്യമെന്ത്?

image

ലണ്ടന്‍: ഒന്നര പതിറ്റാണ്ടോളം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിന് അന്ത്യംകുറിച്ച് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയിരിക്കുകയാണ്. വന്‍ ഭൂരിപക്ഷത്തിന് പാര്‍ട്ടിയെ വിജയത്തിലേക്കു നയിച്ച കെയര്‍ സ്റ്റാര്‍മര്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ്.image

ഇതിനിടെ, സ്റ്റാര്‍മറിനെ കുറിച്ചുള്ള പലതരത്തിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇതിലൊന്നാണ് പിങ്ക് പര്‍ദയില്‍ തലയും മറച്ച് റോഡിലൂടെ നടക്കുന്ന അദ്ദേഹത്തിന്റെ ചിത്രം. സ്വീഡനില്‍ ഖുര്‍ആന്‍ പരസ്യമായി കത്തിച്ചു വാര്‍ത്തകളില്‍ നിറഞ്ഞ സാല്‍വാന്‍ മോമികയാണ് ഈ ചിത്രം എക്‌സില്‍ പങ്കുവച്ചത്. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

എന്നാല്‍, ചിത്രത്തിന്റെ യാഥാര്‍ഥ്യം പരിശോധിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒഴികെ ഔദ്യോഗികമായ ബ്രിട്ടീഷ്-അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും ഇത്തരത്തിലൊരു ഫോട്ടോ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍, ദി ക്വിന്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിവിധ വസ്തുതാന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതൊരു എ.ഐ നിര്‍മിത ചിത്രമാണെന്നാണു വ്യക്തമായത്. ട്രൂ മീഡിയ, എ.ഐ ഓര്‍ നോട്ട് എന്നീ ഡീപ്‌ഫേക്കുകള്‍ കണ്ടെത്തുന്ന പോര്‍ട്ടലുകളാണ് ഇതിനായി ആശ്രയിച്ചത്.

ചിത്രം കൃത്രിമമായി നിര്‍മിച്ചതാണെന്ന് പോസ്റ്റിനു താഴെ എക്സും സൂചിപ്പിക്കുന്നുണ്ട്. സ്റ്റാര്‍മറിന്റെ പിറകിലുള്ള ആളുകളുടെ അവയവങ്ങളിലെ അസ്വാഭാവികതയും ചിത്രം വ്യാജമാണെന്നതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. എ.ഐ നിര്‍മിത ചിത്രങ്ങളില്‍ കാണുന്ന പൊതു അപാകതയാണിത്.

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങള്‍ക്കും വംശീയാധിക്ഷേപങ്ങള്‍ക്കും പേരുകേട്ടയാളാണ് സ്റ്റാര്‍മറിന്റെ വ്യാജചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്ത സാല്‍വാന്‍ മോമിക. ഇറാഖി വംശജനായ ഇയാള്‍ നിലവില്‍ സ്വീഡനിലാണു താമസമെന്നാണു വിവരം. പരസ്യമായി ഖുര്‍ആനിന്‍ കത്തിച്ചും ഇസ്‌ലാമിക വിശ്വാസത്തെയും ആചാരങ്ങളെയും ചരിത്രവ്യക്തികളെയും അവഹേളിച്ച് നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട് സാല്‍വാന്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷ ആക്രണങ്ങളെ പിന്തുണച്ചും എത്താറുണ്ട്. എക്‌സില്‍ 1.57 ലക്ഷം പേരാണ് ഫോളോ ചെയ്യുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വ്യാജചിത്രം പങ്കുവച്ച സാല്‍വാന്റെ എക്‌സ് പോസ്റ്റ് 74,000ത്തോളം പേരാണു കണ്ടിട്ടുള്ളത്. നൂറുകണക്കിനു പേര്‍ ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *