‘മമ്മൂക്ക അങ്ങനെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു’; തന്റെ പേര് മാറ്റുന്നുവെന്ന് വിന്‍സി അലോഷ്യസ്
തന്റെ പേര് ‘വിൻ സി’ എന്നു മാറ്റുകയാണെന്ന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി അലോഷ്യസ്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വിൻസി പറയുന്നു. Vincy Aloshious എന്ന പേരില്‍ നിന്നും Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും താരം പേര് മാറ്റി കഴിഞ്ഞു.
iam Win c എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്ന പേര്. ആരെങ്കിലും തന്നെ ‘വിന്‍ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോള്‍ മമ്മൂട്ടി, ‘വിന്‍ സി’ എന്നു വിളിച്ചപ്പോള്‍ വയറില്‍ ചിത്രശലഭങ്ങള്‍ പറന്നതു പോലെ തോന്നി എന്നും വിന്‍സി പറയുന്നു.
മമ്മൂട്ടി അങ്ങനെ വിളിച്ചതു കൊണ്ട് തന്നെ തന്റെ പേര് ഇനി മുതല്‍ വിന്‍ സി എന്നായിരിക്കും എന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാന്‍ താല്‍പര്യപ്പെടുന്നു എന്നും വിന്‍സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മമ്മൂട്ടി തന്നെ ‘വിന്‍ സി’ എന്ന് വിശേഷിപ്പിച്ച വാട്ട്സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
”ആരെങ്കിലും എന്നെ വിന്‍ സി എന്ന് പരാമര്‍ശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും. ഞാന്‍ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും. പക്ഷേ മമ്മൂക്ക എന്നെ ‘വിന്‍ സി’ എന്ന് വിളിച്ചപ്പോള്‍ എന്റെ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു.”
”അതുകൊണ്ട് ഞാന്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈല്‍ പേര് മാറ്റുകയാണ്. ഇനി മുതല്‍ എല്ലാവരും എന്നെ വിന്‍ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം വിന്‍സി കുറിച്ചത്.