‘പാർട്ടിയിൽ എടുക്കാനാകില്ല’; അൻവറിനെ തള്ളി ഡിഎംകെ
കോഴിക്കോട്: പി.വി അന്‍വറിനെ തള്ളി തമിഴ്നാടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ). സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാൽ പി.വി അൻവറിനെ പാർട്ടിയിൽ എടുക്കാനാകില്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. സിപിഎം നടപടിയെടുത്തയാളാണ് അൻവറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തി ഡിഎംകെ നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.
അൻവർ നേതൃത്വത്തെ സമീപിച്ചതായി വാർത്തകൾ വരുന്നുണ്ട്. അങ്ങനെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ല. പാർട്ടിയിൽ ചേരുന്നത് മറ്റൊരു വിഷയമാണ്. എന്നാൽ, ഞങ്ങളുമായി സഖ്യമുള്ള സിപിഎം നടപടി സ്വീകരിച്ച ഒരാളെന്ന നിലയിൽ അവരുടെ സമ്മതമില്ലാതെ അദ്ദേഹത്തെ പാർട്ടിയിലെടുക്കാനാകില്ല. നേതാക്കൾ വിഷയം ചർച്ച ചെയ്തതായി അറിയില്ലെന്നും വിഷയത്തില്‍ അന്തിമ തീരുമാനം എം.കെ സ്റ്റാലിന്‍റേതാകുമെന്നും ഇളങ്കോവൻ പറഞ്ഞു.
ഇന്ന് വൈകീട്ട് മഞ്ചേരിയിൽ നടക്കുന്ന പി.വി അൻവറിന്റെ പൊതുയോഗത്തിൽ പുതിയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ) എന്നാണ് പാർട്ടിക്കു നല്‍കിയ പേര്. രാഷ്ട്രീയ പാർട്ടിയല്ലെന്ന് അൻവർ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക സംഘടനയായായിരിക്കും ഇതിന്‍റെ പ്രവര്‍ത്തനമെന്നും അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായാണു താന്‍ ചെന്നൈയിൽ പോയതെന്നും അന്‍വര്‍ വിശദീകരിച്ചു. തൻ്റെ സംഘടനയുടെ കാര്യങ്ങൾ പറയാനായി പോകുന്നതാണ്. ഇന്ത്യയിലെ മതേതര സമൂഹത്തിന് ഏറ്റവും വിശ്വസിക്കാൻ കഴിയുന്ന നേതാവാണ് സ്റ്റാലിനെന്നും അന്‍വര്‍ പറഞ്ഞു. മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോൾ അത്തരം ആളുകളുടെ അനുഗ്രഹം ആവശ്യമാണെന്നും തമിഴ്‍നാട്ടിൽ സാധാരണക്കാരോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് ഡിഎംകെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.