കളർകോട് വാഹനാപകടം; കാർ ഉടമയ്ക്കെതിരെ കേസ്
ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാനെതിരെ കേസെടുത്തു. നിയമവിരുദ്ധമായി കാർ വാടകയ്ക്ക് നൽകിയതിനാണ് കേസ്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റാണ് കേസെടുത്തത്.
ഇന്ന് കോടതിക്ക് റിപ്പോർട്ട് കൈമാറും. കാർ വാടകയ്ക്ക് വാങ്ങിയതാണെന്ന ഡ്രൈവറുടെ മൊഴി, ഗൂഗിൾ പേ മാർഗം പണം കൈമാറിയതടക്കം തെളിവായി കോടതിയിൽ ഹാജരാക്കും.
അതേസമയം, വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ആൽവിൻ പഠിച്ചിരുന്ന മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
മന്ത്രി പി.പ്രസാദ്, ജില്ലാ കളക്ടർ അലക്സ് വർഗീസ്, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് സംസ്കാരം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ആൽവിൻ മരിച്ചത്. ചികിത്സയിലുള്ള അഞ്ച് വിദ്യാർഥികളുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ് അറിയിച്ചു.